തിരുവനന്തപുരം: കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി പ്രതികൂലമാണെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ നിലപാട്.
2017 നവംബർ മുതൽ ഇക്കഴിഞ്ഞ നവംബർ 22 വരെയായിരുന്നു കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വർഷത്തേക്കു കൂടി പുനർ നിയമനം നടത്തി ഉത്തരവിറക്കിയതാണ് വിവാദമായത്. നിയമന ഉത്തരവിൽ ഒപ്പിട്ടത് സമ്മർദ്ദത്തിന്റെ പുറത്താണെന്ന ഗവർണറുടെ വെളിപ്പെടുത്തലും വന്നതോടെ വിഷയം കൂടുതൽ സങ്കീർണമായിട്ടുണ്ട്.
കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ .ആർ ബിന്ദുവിന്റെ ഇടപെടൽ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് നിലനിർത്താൻ ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് ഗവർണർക്കാണ് മന്ത്രി കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം.

















