കൽപ്പറ്റ: വയനാട് കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വ്യാപക തെരച്ചിൽ തുടരുന്നു. 2 കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചിൽ.കടുവയിറങ്ങിയ പശ്‌ചാത്തലത്തിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിൽ പാൽ, പത്ര വിതരണ സമയത്ത് പൊലീസും വനംവകുപ്പും ജനങ്ങൾക്ക് സുരക്ഷയൊരുക്കും.
രാത്രി സമയത്ത് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി. കുറുക്കൻമൂലയിൽ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിക്ക് നിർദേശമുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ റവന്യൂവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. കടുവയ്ക്കായി ഡ്രോണുകൾ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.ഇതുവരെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വനം വകുപ്പിൻ്റെയും പൊലീസിൻ്റെയും വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

















