പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് തകര്‍ത്തു രണ്ടാം സ്ഥാനക്കാരും ആയുള്ള അകലം 4 ആക്കി മാറ്റി മാഞ്ചസ്റ്റര്‍ സിറ്റി.സീസണില്‍ മികച്ച ഫോമിലേക്ക് ഉയരാത്ത ലീഡ്സിനെതിരെ മിന്നും പ്രകടനമാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത്. ഏഴാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫില്‍ ഫോഡന് ആണ് സിറ്റിക്ക് ആദ്യ ഗോള്‍ നല്‍കിയത്. തുടര്‍ന്ന് മാഹ്രസിന്റെ ക്രോസില്‍ നിന്നു ഹെഡറിലൂടെ ജാക് ഗ്രീലിഷ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 31 മത്തെ മിനിറ്റില്‍ റോഡ്രിയുടെ പാസില്‍ നിന്നു കെവിന് ഡ്യുബ്രയിന സിറ്റിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. 3 ഗോളുകള്‍ നേടിയ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും സിറ്റി ഗോള്‍ അടി നിര്‍ത്തിയില്ല.
49 മത്തെ മിനിറ്റില്‍ ഗുണ്ടഗോന്റെ പാസില്‍ നിന്നു റിയാദ് മാഹ്രസ് സിറ്റിയുടെ നാലാം ഗോള്‍ കണ്ടത്തിയപ്പോള്‍ 62 മത്തെ മിനിറ്റില്‍ ഗുണ്ടഗോന്റെ തന്നെ പാസില്‍ നിന്നു തന്റെ രണ്ടാം ഗോള്‍ നേടിയ ഡ്യുബ്രയിന സിറ്റിക്ക് അഞ്ചാം ഗോള്‍ സമ്മാനിച്ചു. 74 മത്തെ മിനിറ്റില്‍ പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സ് ആറാം ഗോള്‍ നേടിയപ്പോള്‍ നാലു മിനിട്ടുകള്‍ക്ക് ശേഷം ഫോഡന്റെ കോര്‍ണറില്‍ നിന്നു മറ്റൊരു പ്രതിരോധ താരം നാഥന് അകെയാണ് സിറ്റി ഗോള്‍ അടി പൂര്‍ത്തിയാക്കിയത്.
ഗാര്‍ഡിയോളക്ക് കീഴില്‍ ലീഗില്‍ 500 ഗോളുകള്‍ പൂര്‍ത്തിയാക്കാനും സിറ്റിക്ക് സാധിച്ചു. മറ്റൊരു ടീമിനും സാധിക്കാത്ത വേഗതയില്‍ ആണ് ഗാര്‍ഡിയോളയുടെ സിറ്റി ഈ നേട്ടം കൈവരിച്ചത്. ജയത്തോടെ രണ്ടാമതുള്ള ലിവര്‍പൂളിനെക്കാള്‍ നാലു പോയിന്റുകള്‍ മുന്നിലെത്തി ഒന്നാമത് ആണ് സിറ്റി. ലീഡ്സ് ആവട്ടെ ലീഗില്‍ പതിനാറാം സ്ഥാനത്ത് ആണ്.