തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേയ്ക്ക് കടന്നു. സർക്കാർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വർധന തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്നാണ് ഡോക്ടർമാരുടെ നിലപാട്.307 ജൂനിയർ ഡോക്ടർമാരെ ആരോഗ്യ വകുപ്പ് നിയമിച്ചെന്നും സർക്കാർ വാക്ക് പാലിച്ചെന്നും സമരം നിർത്തണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.ആരോഗ്യമന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രോഗികളെ സമരം ബാധിച്ചതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്.
ഇതിനിടെ താൽക്കാലികമായി നിയോഗിച്ച 307 ജൂനിയർ ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചു. ജൂനിയർ ഡോക്ടർമാർക്ക് പുറമെ ഹൗസ് സർജൻമാരുടെ ഏകദിന സൂചന സമരം അവസാനിച്ചതോടെ അവർകൂടി ഡ്യൂട്ടിയിൽ തിരികെയെത്തിയതും നേരിയ ആശ്വാസമാകുന്നുണ്ട്. പി.ജി ഡോക്ടർമാരുടെ സമരംമൂലമുള്ള അധികജോലി അസി.പ്രഫസർമാർ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. പലയിടങ്ങളിലും മുൻകൂട്ടി നിശ്ചയിച്ചതും അടിയന്തരമല്ലാത്തതുമായ ശസ്ത്രക്രിയകൾ മുടങ്ങി. ഇവർക്ക് മറ്റൊരു ദിവസത്തെ ഡേറ്റ് നൽകുകയാണ്. ചിലയിടങ്ങിൽ വിവിധ യൂനിറ്റുകളിലെ ഡോക്ടർമാരെ വിളിച്ചുവരുത്തിയാണ് ഒ.പി വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നത്.

















