തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിരക്ക് എത്ര കൂട്ടണമെന്നതിൽ തുടർ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമാക്കി നിശ്ചയിക്കാൻ സർക്കാരിന് ആലോചനയുണ്ട്. ബിപിഎൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും മറ്റു വിഭാഗങ്ങൾക്ക് ആനുപാതികമായും ഉള്ള നിരക്ക് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
രാത്രയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലുണ്ട്. രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ട്. രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്.
സംസ്ഥാനത്തെ ആംബുലന്‍സുകളുടെ നിരക്കും ഏകീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് സംഘടനകള്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകളും ആലോചനയും സജീവമാക്കിയത്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ ആറ് രൂപയാക്കണമെന്നാണ് സമരം ചെയ്യാനൊരുങ്ങുന്ന ബസ് സംഘടനകളുടെ പ്രധാന ആവശ്യം. ഇക്കാര്യം വിദ്യാര്‍ത്ഥി സംഘടനകളെ ബോദ്ധ്യപ്പെടുത്തിയതായി മുന്‍പ് മന്ത്രി അറിയിച്ചിരുന്നു.
മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 ആക്കണമെന്നും പിന്നീടുളള ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം വര്‍ദ്ധിപ്പിക്കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായും ഇക്കാര്യം മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

















