രാജ്കോട്ട്: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കേരളം ക്വാർട്ടറില്‍ കടന്നത്.
225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 35.4 ഓവറിൽ മറികടന്നു.
സച്ചിൻ ബേബിയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് കേരളം അനായാസം വിജയം നേടിയത്. 71 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും പറത്തിയ സച്ചിൻ 83 റണ്‍സുമായി പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് (34), സഞ്ജു സാംസണ് (33) എന്നിവരും തിളങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഉത്തരാഖണ്ഡിനായി ഓപ്പണർ ജയ ബിസ്റ്റ (93), നെഗി (52) എന്നിവർ അർധ സെഞ്ചുറി നേടി. കേരളത്തിനായി എം.ഡി.നിധീഷ് മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ നേടി. സക്നേനയ്ക്കും വിനൂപിനും ഓരോ വിക്കറ്റ് ലഭിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളിൽ നാലും വിജയിച്ച കേരളം ക്വാർട്ടറിന് യോഗ്യത നേടിയത്. മധ്യപ്രദേശിനോടാണ് മാത്രമാണ് കേരളം തോൽവി വഴങ്ങിയത്.