ന്യൂഡല്‍ഹി: കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം.പി ഒപ്പുവെച്ചില്ല. യു.ഡി.എഫിന്റെ 18 എം.പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. പുതുച്ചേരി എം.പി വി. വൈദ്യലിംഗവും നിവേദനത്തില്‍ ഒപ്പുവെച്ചു. നിവേദനം നല്‍കിയ എം.പിമാരുമായി ബുധനാഴ്ച റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നടത്തും.
പദ്ധതി നടപ്പാക്കരുതെന്നാണ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്.
എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്. കേരളത്തിന്റെ വികസനത്തിന് കെ റയില്‍ പോലുള്ള പദ്ധതികള്‍ അനിവാര്യമെന്ന നിലപാടാണ് ശശി തരൂര്‍ നേരത്തെയേ സ്വീകരിച്ചിരുന്നത്.














