ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് എം എം മണി. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ലന്ന് എം എം മണി പറഞ്ഞു.
രാജേന്ദ്രൻ്റെ രാഷ്ടിയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും എം എം മണി പറഞ്ഞു.
മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എം എം മണിയുടെ പ്രസ്താവന. നേരത്തെയും എം എം മണി രാജേന്ദ്രനെതിരെ പാർട്ടി സമ്മേളനത്തിൽ വിമർശനമുന്നയിച്ചിരുന്നു.
ഇതിന് മറുപടിയുമായി രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. താൻ പൂർണമായും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ആളാണെന്നും അനാവശ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചുവെന്ന ആരോപണത്തെ തുടർന്ന് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിനെതിരെ നടപടി ഉറപ്പാണെന്ന് വ്യക്തമാക്കുന്നതാണ് എംഎം മണിയുടെ ഇന്നത്തെ പ്രസംഗം.

















