മനാമ: ബഹ്റൈന്‍ ദേശീയദിനമാഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും രാജ്യനിവാസികള്‍ക്കും പ്രവാസി സമൂഹത്തിനും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു.കിരീടാവകാശിയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ രാജ്യം നേടിയെടുത്ത പുരോഗതിയും വളര്‍ച്ചയും വിവിധ മേഖലകളിലെ മുന്നേറ്റവും ചര്‍ച്ചചെയ്തു. ഹമദ് രാജാവിൻറെ ഭരണസാരഥ്യത്തില്‍ രാജ്യം എല്ലാ മേഖലകളിലും വളര്‍ച്ച കൈവരിച്ചതായി വിലയിരുത്തി.
കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങള്‍ക്ക് നല്കുന്ന സാമ്ബത്തികസഹായം 10 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്കി. പാര്‍ലമെന്റും ശൂറാ കൗണ്‍സിലും നേരത്തേ ഇത് ചര്‍ച്ച ചെയ്ത് പാസാക്കിയിരുന്നു. 40,000 വീടുകള്‍ നിര്‍മിക്കാന്‍ ഹമദ് രാജാവ് പ്രഖ്യാപിച്ച പദ്ധതിയനുസരിച്ച് ഡിസംബര്‍ അവസാനിക്കുന്നതിനുമുമ്ബ് 2000 പാര്‍പ്പിട യൂനിറ്റുകള്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി.
ഈസ്റ്റ് സിത്ര, ഖലീഫ സിറ്റി, സല്മാന് സിറ്റി, ഈസ്റ്റ് ഹിദ്ദ് സിറ്റി എന്നിവിടങ്ങളിലായാണ് ഇവ നല്‍കുക. കോവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രണ്ടു വാക്സിനുകളും ബൂസ്റ്റര്‍ ഡോസും നല്‍കുന്നത് ശക്തമായി തുടരാന്‍ കാബിനറ്റ് നിര്‍ദേശിച്ചു. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദിൻറെ ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമായിരുന്നെന്ന് മന്ത്രിസഭ വിലയിരുത്തി.
സൗദിയിലെ വിവിധ കമ്ബനികളുടെ സഹകരണത്തോടെ അഞ്ചു ബില്യണ്‍ ഡോളറിെന്റ നിക്ഷേപം ബഹ്റൈനില്‍ നടത്തുന്നതിന് ധാരണയായതും നേട്ടമാണ്. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ അവാലിയിലെ ഔര്‍ ലേഡി ഓഫ് അറേബ്യ ചര്‍ച്ച് ഉദ്ഘാടനം ചെയ്തത് രാജ്യത്തിൻറെ മതസഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും മാറ്റുകൂട്ടുന്നതായിരുന്നുവെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു.
രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ പൊലീസ് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പൊലീസ് ദിനാചരണത്തിെന്റ പശ്ചാത്തലത്തില്‍ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു. രക്തസാക്ഷിദിനാചരണ പശ്ചാത്തലത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിക്കുകയും അവരുടെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു. അമേരിക്കയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചവര്‍ക്ക് അനുശോചനം നേരുകയും അമേരിക്കന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.