മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പരമ്പരയില്‍ കളിക്കില്ല. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ ബാദ്ര കുര്‍ള കോംപ്ലക്സില്‍ നടത്തിയ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പകരക്കാരനായി ഇന്ത്യയുടെ ‘എ’ ടീം നായകൻ പ്രിയങ്ക് പാഞ്ചാലിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുട ‘എ’ ടീമിനെതിരായ മത്സരത്തിൽ പ്രിയങ്ക് പാഞ്ചാൽ 96 റൺസ് നേടിയിരുന്നു. ഈ മികവാണ് താരത്തെ ഇന്ത്യയുടെ സീനിയർ ടീമിലെത്തിച്ചത്.
ഡിസംബര്‍ 26-നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരിക്ക് സാരമുള്ളതാണെങ്കില്‍ ജനുവരി 19-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷമുള്ള രോഹിത്തിന്റെ ആദ്യ പരമ്പര കൂടിയാണിത്.
ഈ വര്‍ഷം ടെസ്റ്റില്‍ മികച്ച ഫോമിലുള്ള രോഹിത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഈ വര്‍ഷം 11 ടെസ്റ്റില്‍ നിന്ന് 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറികളും നാല് അര്‍ധ സെഞ്ചുറികളും ഈ വര്‍ഷം രോഹിത്തിന്റെ പേരിലുണ്ട്.