കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാമ്പിള്‍ സര്‍വേയ്ക്ക് സ്റ്റേയില്ല. എ വി രാമകൃഷ്ണപിള്ള കമ്മിഷന്‍ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജനുവരി 31ന് മുന്‍പ് കോടതിയില്‍ സമര്‍പ്പിക്കണം. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.
സാമ്പിൾ സർവേ സ്റ്റേ ചെയ്യണമെന്നും മുഴുവൻ കുടുംബങ്ങളേയും ആസ്പദമാക്കി സമഗ്ര പഠനം നടത്തണമെന്നുമുളള എൻ എസ് എസിന്‍റെ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഒരു വാർഡിലെ 5 കുടുംബങ്ങളെ കേന്ദ്രീകരിച്ചുളള നിലവിലെ കമ്മീഷന്‍റെ സാന്പിൾ സർവേ തെറ്റായ വിവരങ്ങൾ നൽകുമെന്നും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം വേണമെന്നുമായിരുന്നു സുകുമാരൻ നായരുടെ ഹർജിയിലെ ആവശ്യം.
നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്.
ഒബിസി വിഭാഗ പട്ടികയില്‍ ഉള്‍പ്പെട്ട നായിഡു, നാടാര്‍, (എസ്ഐയുസിയില്‍ ഉള്‍പ്പെടാത്ത ക്രിസ്തുമതക്കാര്‍), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെ ഒഴിവാക്കി 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

















