തിരുവനന്തപുരം: സമരം ചെയ്യുന്ന പിജി ഡോക്ടർമാരെ നാളെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.
പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചർച്ച നടത്തി. ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജി ഡോക്ടർമാരെ ചർച്ചക്ക് വിളിച്ചു.
പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെ മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടി. അടിയന്തര ശസ്ത്രക്രിയകളും സ്കാനിംഗുകളും മുടങ്ങി. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരടക്കം ദുരിതത്തിലായി.
മെഡിക്കല്‍, പിജി ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. പിജി വിദ്യാര്‍ത്ഥികള്‍ വന്നാല്‍ കാണാന്‍ തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പിജി വിദ്യാര്‍ത്ഥികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓഫിസിലെത്തി തന്നോട് സംസാരിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കിയിട്ടില്ല.
രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്ടര്‍മാരോട് മന്ത്രി പറഞ്ഞു. പിജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം പരിഹരിച്ചതാണ്.വിവിധയിടങ്ങളില്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിക്കഴിഞ്ഞു. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

















