തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് പുറത്ത്. കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാൻ പുനർ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വയ്ക്കുന്നുവെന്നുമാണ് മന്ത്രി കത്തില്‍ പറയുന്നത്.
സെർച്ച് കമ്മിറ്റി ഇല്ലാത്തതിനാലാണ് ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട് വക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വി.സി യെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് സമ്മര്‍ദമുണ്ടായെന്ന് ഗവർണര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് സർക്കാരും ഗവര്‍ണറും തമ്മിലുള്ള തർക്കങ്ങളുടെ തുടക്കം.
ഗോപി നാഥ് രവീന്ദ്രന്‍റെ കാലത്ത് കണ്ണൂർ സർവകലാശാല വലിയ മികവാണ് പുലർത്തിയത് അതിനാല്‍ വിസിയെ പുനര്‍ നിയമിക്കണമെന്നാണ് കത്തില്‍ പറയുന്നത്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഒരു മന്ത്രി ഗവർണർക്ക് നേരിട്ട് കത്ത് നൽകുന്നത് പതിവില്ലാത്തതാണ്. വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് സർക്കാരില്‍ നിന്ന് ഭാഗത്ത് സമ്മർദമുണ്ടായി എന്നതിന്റെ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്.
ഇതിനിടെ കണ്ണൂർ സർവകലാശാല വിസി പുനർ നിയമനവുമായി ബന്ധപ്പെട്ട നിയമന രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമനരേഖകൾ കോടതി പരിശോധിക്കണമെന്നാണാവശ്യം. കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗവും നൽകിയ ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിലാണ് പരാതിക്കാർ ഇടക്കാല അപേക്ഷ നൽകിയത്. ഹർജിയിൽ വാദം പൂർത്തിയായി ഉത്തരവിനായി മാറ്റിയിരുന്നു.

















