കൊല്ലം: ആലുവയില്‍ മൊഫിയ പര്‍വീണിന് നീതി തേടി സമരം ചെയ്തതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ചാര്‍ത്തികൊടുത്തവരാണ് പിണറായി സര്‍ക്കാര്‍. മോദി സര്‍ക്കാരിൻ്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയും. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്.
ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കിയാണ് തീവ്രവാദബന്ധം ആരോപിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിലിട്ടവര്‍ സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ എടുക്കേണ്ട.
ഇത് കേരളമാണ്. മുഖ്യമന്ത്രിക്കും സിപിഎമ്മിനും സംഘപരിവാര്‍ മനസാണ്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കും. ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നാണ് ജയ്പുര്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദു എന്നത് ജീവിതക്രമവും മതവിശ്വാസവുമാണ്. ഹിത്വത്വ എന്നത് രാഷ്ട്രീയമാണ്.
ഹിന്ദുമതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. അതു തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അധികാരം പിടിച്ചെടുക്കാനുള്ള അജണ്ടയായാണ് ഹിന്ദുത്വത്തെ സംഘപരിവാര്‍ ഉപയോഗിക്കുന്നത്.
കോണ്‍ഗ്രസിൻ്റെ നിലപാട് തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. 50 മുതല്‍ 150 ശതമാനം വരെയാണ് വിലക്കയറ്റമുണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് വൈദ്യുത ചാര്‍ജ് വര്‍ധന കൂടി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

















