അബുദാബി : എമിറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ്, ലൈസൻസിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. മുസഫയിലെ ടെസ്റ്റിങ് ആൻഡ് ലൈസൻസിങ് കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.
അൽഐൻ അൽ സലാമ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ ഡ്രൈവിങ്, വാഹന ലൈസൻസ് സേവനങ്ങൾ ലഭിക്കും. മസ്യാദിലെ കേന്ദ്രത്തിൽ ശനി രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.
അൽദഫ്റ മദീനത് സായിദിലെ കേന്ദ്രത്തിൽ വെള്ളി ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി എട്ടു വരെ വാഹന ലൈസൻസ് സേവനവും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെ വാഹന ലൈസൻസ് സേവനവും ഡ്രൈവിങ് ലൈസൻസ് സേവനവും ഡ്രൈവിങ് ടെസ്റ്റും ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
അടുത്ത വർഷം മുതൽ യുഎഇയിൽ ജോലി സമയം ആഴ്ചയിൽ നാലര ദിവസമാക്കിയിരുന്നു. വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ ദിവസങ്ങളിലാണ് വാരാന്ത്യ അവധി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.