അബുദാബി: യുഎഇ–ഇന്ത്യ–യുഎഇ സെക്ടറിലെ വിമാന യാത്രക്കാർ ലോക്കൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും പിഎൻആർ നമ്പറിനൊപ്പം നൽകണമെന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു മടക്ക യാത്രാ ടിക്കറ്റിൽ പോകുന്നവർ ഇന്ത്യയിൽ വിളിച്ചാൽ കിട്ടുന്ന നമ്പർ നൽകാത്തതു പ്രയാസമുണ്ടാക്കുന്നതായി എയർലൈൻ അധികൃതർ അറിയിച്ചു.
മറിച്ച് യുഎഇയിലേക്കു വരുന്നവർ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഇവിടെയുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പർകൂടി നൽകണം. അപ്രതീക്ഷിത നിയന്ത്രണങ്ങളും വിമാനം വൈകുന്നതും ഉൾപ്പെടെയുള്ള വിവരങ്ങളും യാത്രക്കാരുമായി പങ്കുവയ്ക്കാനാകാതെ വരുന്നത് ഒഴിവാക്കാനാണ് പുതിയ നടപടി. ആരും സ്വീകരിക്കാനില്ലാതെ യുഎഇയിൽനിന്ന് തിരിച്ചയയ്ക്കേണ്ട അവസ്ഥ ഒഴിവാക്കാനാണ് പ്രാദേശിക നമ്പർ ആവശ്യപ്പെടുന്നത്.
നിയമം നിലവിലുണ്ടെങ്കിലും രണ്ടിടങ്ങളിലെയും ഫോൺ നമ്പർ പിഎൻആർ നമ്പറിൽ പലരും അപ്ഡേറ്റ് ചെയ്തിരുന്നില്ല. ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് എടുക്കുന്നവർ ഇവിടത്തെയും നാട്ടിലെയും ഫോൺ നമ്പറും മെയിൽ ഐഡിയും നിർബന്ധമായും പിഎൻആർ നമ്പറിൽ റജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കണമെന്ന് എയർലൈൻ അറിയിച്ചു. ഏജൻസികൾ പലപ്പോഴും നാട്ടിലെ നമ്പർ കൊടുക്കാത്തതാണ് വിനയാകുന്നത്.
യുഎഇ വിമാനത്താവളത്തിൽ എത്തുന്ന സമയം കണക്കാക്കി 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നാണ് യുഎഇ നിയമം. വിമാനം പുറപ്പെടുന്നതിന് 4 മണിക്കൂറിനകം എടുത്ത റാപ്പിഡ് പിസിആർ ടെസ്റ്റും നിർബന്ധമാണ്. തടസ്സം ഉണ്ടാകാതിരിക്കാൻ യാത്രക്കാർ 6 മണിക്കൂർ മുൻപ് ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തി നടപടികൾ പൂർത്തിയാക്കണം. ഇക്കാര്യം ടിക്കറ്റെടുക്കുമ്പോൾ തന്നെ യാത്രക്കാരെ അറിയിക്കണമെന്നും അഭ്യർഥിച്ചു.
ഏതു രാജ്യത്തേക്കാണോ യാത്ര ചെയ്യുന്നത് അവിടത്തെ കോവിഡ് നിബന്ധനകളും യാത്രക്കാർ മുൻകൂട്ടി അറിഞ്ഞിരിക്കണം. ആർടിപിസിആർ നിയമത്തെക്കുറിച്ചറിയാതെ യുഎഇയിലേക്കു യാത്ര ചെയ്യാനെത്തിയ പലർക്കും മടങ്ങേണ്ടിവന്ന പശ്ചാത്തലത്തിലാണ് ഓർമപ്പെടുത്തൽ. യാത്രാ രേഖകളുടെയും ആർടിപിസിആർ ഫലത്തിന്റെയും മറ്റു യാത്രാനുമതിയുടെയും പകർപ്പ് കരുതണമെന്നും പറഞ്ഞു.