സൂറിച്ച്: യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരക്രമം ഇന്നറിയാം. 16 ടീമുകളുടെ എതിരാളികളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. ബാഴ്സലോണയും എസി മിലാനുമൊഴികെയുള്ള വമ്പന്മാരെല്ലാം സ്ഥാനമുറപ്പിച്ചിട്ടുണ്ട് പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് ചാംപ്യന്മാരെയും രണ്ടാംസ്ഥാനക്കാരെയും രണ്ട് പെട്ടികളിലാക്കിയാണ് നറുക്കെടുപ്പ്.
ഒരേ രാജ്യത്ത് നിന്നുള്ള ടീമും ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളിയും നേർക്കുനേർ വരില്ല. രണ്ട് പാദങ്ങളിലായി മത്സരം നടക്കുമെങ്കിലും എവേ ഗോൾ ആനുകൂല്യം ഇത്തവണയില്ല. സമനിലയെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കും. ഫെബ്രുവരി 15, 16, 22, 23 തീയതികളിലാണ് ആദ്യ പാദ മത്സരങ്ങൾ.
മാർച്ച് 8, 9, 15, 16 തീയതികളിൽ രണ്ടാംപാദ മത്സരങ്ങളും നടക്കും. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, അയാക്സ്, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലില്ലെ, യുവന്റസ് എന്നിവരാണ് ഗ്രൂപ്പ് ചാംപ്യന്മാർ. എട്ടിൽ മൂന്ന് ഗ്രൂപ്പ് ചാംപ്യന്മാരും ഇംഗ്ലണ്ടിൽ നിന്ന്. ലിയോണൽ മെസിയുടെ പിഎസ്ജിയും നിലവിലെ ചാംപ്യന്മാരായ ചെൽസിയും രണ്ടാം സ്ഥാനക്കാരായാണ് ഗ്രൂപ്പ് കടന്നത്.
അത്ലറ്റിക്കോ മാഡ്രിഡ്, സ്പോട്ടിങ് ലിസ്ബൺ, ഇന്റർമിലാൻ, ബെൻഫിക്ക, വിയ്യാ റയൽ, ആർബി സാൽസ്ബെർഗ് എന്നിവരാണ് അവസാന 16ലെ മറ്റ് ടീമുകൾ.