ഫറ്റോർഡ: ഐഎസ്എല്ലിൽ (ISL) ഇന്ന് ഹൈദരാബാദും(Hyderabad FC) നോർത്ത് ഈസ്റ്റ് യുണൈറ്റഡും (North East United) തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്തുമാണ്. സീസണിൽ തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്കുയരാൻ പറ്റിയ സുവർണാവസരമാണിത്.
ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീലിന് കീഴിലിറങ്ങുന്ന നോർത്ത് ഈസ്റ്റിന് അഞ്ച് കളിയിൽ ഒരിക്കൽ മാത്രമേ ജയിക്കാനായിട്ടുള്ളൂ.
മലയാളിതാരങ്ങളിൽ ആർക്കൊക്കെ ആദ്യ പതിനൊന്നിൽ ഇടംകിട്ടുമെന്നതും പ്രധാനം. ഒഡിഷയ്ക്കെതിരെ ഗോൾ കീപ്പർ മിർഷാദ് മിച്ചു അടക്കം മൂന്ന് മലയാളി താരങ്ങൾക്ക് ഖാലിദ് ജമീൽ അവസരം നൽകി.
പ്രതിരോധനിരയുടെ മിന്നുംഫോമാണ് ഹൈദരാബാദിന്റെ കരുത്ത്. സ്പാനിഷ് താരം യുവാൻ ഗോൺസാലസും ഇന്ത്യൻ താരം ചിംഗ്ലെൻസന സിങ്ങും ചേരുന്ന കൂട്ടുകെട്ട് ഏത് മുന്നേറ്റനിരയ്ക്കും വെല്ലുവിളി. യുവതാരം ആകാശ് മിശ്രയിലും ഏറെ പ്രതീക്ഷ. ഗോളടി തുടരുന്ന മുൻ ബ്ലാസ്റ്റേഴ്സ് താരം ഒഗ്ബച്ചെയുടെ മിന്നുംഫോമും ഹൈദരാബാദിന് മേൽക്കൈ നൽകും.
ഐഎസ്എല്ലിലെ നേർക്കുനേർ പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ഹൈദരാബാദിന്. നാല കളിയിൽ രണ്ട് തവണ ഹൈദരാബാദ് ജയിച്ചു. ഒരു കളി നോർത്ത് ഈസ്റ്റ് ജയിച്ചപ്പോൾ ഒന്ന് സമനിലയിലായി.