കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും അമ്മയ്ക്കും കോവിഡ് പോസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേസമയം എത്തിഹാദ് വിമാനത്തിൽ 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്. കേരളത്തിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റെറിലും ഡൽഹിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ മാസം ആറിനാണ് എറണാകുളം സ്വദേശി 39 കാരൻ യുകെയിൽ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയത്. ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും എട്ടിന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

















