പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്ജിക്ക് (PSG) മിന്നുംജയം. മൊണാക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്. ഇരട്ടഗോളുകളുമായി കിലിയൻ എംബപ്പെയാണ് (Mbappe) ജയം ഒരുക്കിയത്. 12-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലീഡ് സമ്മാനിച്ചു. ഡി മരിയയെ (di maria) വീഴ്ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. 45-ാം മിനിറ്റിൽ എംബാപ്പെ ജയം പൂർത്തിയാക്കി. സീസണിൽ എംബാപ്പെയുടെ ഒമ്പതാം ഗോളായിരുന്നത്. 18 കളിയിൽ 45 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനം നിലനിർത്തി. ലീഗിൽ മാഴ്സൈക്കെതിരെ 13 പോയിന്റ് ലീഡാണ് പിഎസ്ജിക്കുള്ളത്.
സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡർബിയിൽ റിയൽ മാഡ്രിഡിന് ജയം. അത്ലറ്റിക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയൽ തോൽപ്പിച്ചത്. 16-ാം മിനിറ്റിൽ കരിം ബെൻസേമയും 57ആം മിനിറ്റിൽ മാർക്കോ അസെൻസിയോയും ഗോൾ നേടി. 16 കളിയിൽ ബെൻസേമക്ക് 13 ഗോളായി. ജയത്തോടെ റയൽ സെവ്വിയെയേക്കാൾ എട്ട് പോയിന്റ് ലീഡുമായി ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. അത്ലറ്റിക്കോയേക്കാൾ 13 പോയിന്റിന് മുന്നിലാണ് റയൽ.
പുതിയ പരിശീലകൻ സാവിക്ക് കീഴിലും നിരാശാജനകമായ പ്രകടനം തുടർന്ന് ബാഴ്സലോണ. സ്പാനിഷ് ലീഗിൽ ഒസാസുനയ്ക്കെതിരെ ബാഴ്സ ജയം കൈവിട്ടു. ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. 86-ാം മിനിറ്റിൽ എസെക്ക്വേൽ ആവിലയാണ് ബാഴ്സയുടെ ജയപ്രതീക്ഷ തകർത്തത്. 12-ാം മിനിറ്റിൽ നിക്കോ ഗോൺസാലെസും 49-ാം മിനിറ്റിൽ ആബ്ദെ എസെൽസൗലിയും നേടിയ ഗോളുകളിൽ മുന്നിട്ടുനിന്നശേഷമാണ് ബാഴ്സയ്ക്ക് തിരിച്ചടിയേറ്റത്. 14-ാം മിനിറ്റിൽ ഡേവിഡ് ഗാർസിയ ഒസാസുനയുടെ ആദ്യഗോൾ നേടി. 16 കളിയിൽ 24 പോയിന്റുമായി എട്ടാം സ്ഥാനതതാണ് ബാഴ്സ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്തു. യൂറി ടെലെമാൻസിന്റെ ഇരട്ടഗോളാണ് സവിശേഷത. 38, 81 മിനിറ്റുകളിലാണ് ഗോൾ വന്നത്. 57-ാം മിനിറ്റിൽ പാറ്റ്സൺ ഡാക്കയും 85ആം മിനിറ്റിൽ ജെയിംസ് മാഡിസണും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. 16 കളിയിൽ 22 പോയിന്റുമായി എട്ടാം സ്ഥാനതാണ് ലെസ്റ്റർ.