കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുപ്പുപരാജയത്തെ തുടര്‍ന്ന് നേതാക്കള്‍ക്കെതിരെയെടുത്ത കടുത്ത നടപടി അടക്കമുള്ള വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
കളമശേരിയാണ് ജില്ലാ സമ്മേളനത്തിൻ്റെ വേദി. സമ്മേളനത്തിൻ്റെ വരവറിയിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും കട്ടൗട്ടുകളും കൊടി തോരണങ്ങളുമൊക്കെ നിറഞ്ഞു. ദീപശിഖാ ജാഥ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര്‍ മുരളീധരനാണ് ജാഥാ ക്യാപ്റ്റൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
16ന് സമാപന സമ്മേളനവും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പെരുമ്പാവൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എടുത്ത നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുന്‍പ് സമ്മേളന നടത്തിപ്പിന് ചുക്കാന്‍ പിടിച്ച പലര്‍ക്കും ഈ സമ്മേനം പുറത്തുനിന്ന് കാണാനാണ് നിയോഗം.
നടപടിയെ തുടര്‍ന്ന് ജില്ലാകമ്മറ്റിയില്‍ നിന്ന് അഞ്ചിലെറേ പേരെ ഒഴിവാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ ഇടംപിടിക്കും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ പുഷ്പാ ദാസ് ജില്ലാ സെക്രട്ടറിയേറ്റില്‍ വന്നേക്കും. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദും ജില്ലാ കമ്മറ്റിയില്‍ ഇടംപിടിക്കാനാണ് സാധ്യത. നിലവില്‍ ജില്ലാ കമ്മറ്റി അംഗമായ പി എന്‍ ബാലകൃഷ്ണന്‍ ജില്ലാസെക്രട്ടരിയെറ്റിലും എത്തിയേക്കും.