രാജ്കോട്ട്: വിജയ് ഹസാരേ ട്രോഫിയില്‍ ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് കേരളം. 190 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം 35-ാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. 72 ബോളില്‍ 54 നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
ഗ്രൂപ്പ് ഡിയില്‍ കേരളത്തിന്റെ മൂന്നാം ജയമാണിത്. ഡിസംബര്‍ 14-ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന് 45 ഉം റോഹന്‍ കുന്നുമ്മല്‍ 36 റണ്‍സും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 82 റണ്‍സാണ് റോഹന്‍-അസ്ഹറുദ്ദീന് സഖ്യം സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ പിന്നീട് അടുത്തടുത്ത് നാല് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. സ്കോര്‍ 82 ല്‍ നില്‍ക്കെ ആദ്യ മൂന്ന് വിക്കറ്റും 89 ൽ എത്തിയപ്പോള്‍ സച്ചിന് ബേബിയേയും കേരളത്തിന് നഷ്ടമായി. നായകന് സഞ്ജു നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി.
സിജോമോന്‍ (27), സച്ചിന് ബേബി (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിഷ്ണു വിനോട് 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഛത്തീസ്ഗഡിനായി അജയ് മണ്ഡല് മൂന്നും സുമിത് റൂയിക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ഛത്തീസ്ഗഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 128 പന്തില്‍ 11 ഫോറും ഒരു സിക്സും അടക്കം 98 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍പ്രീത് സിങ്ങിന് മാത്രമാണ് കേരള ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. 32 റണ്‍സെടുത്ത സംജീത് ദേശായിക്ക് മാത്രമാണ് ക്യാപ്റ്റന്‍ പിന്തുണ നല്‍കാനായത്.
കേരളത്തിനായി ബേസില്‍ തമ്പിയും എം.ഡി നിധീഷും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വിനൂപ് ഒരു വിക്കറ്റ് നേടി.