” നിന്നെ മാത്രം
കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ ”
എന്ന മൂളിപ്പാട്ട് മുഴുമിപ്പിക്കും മുൻപ് ഗേറ്റ് മലർക്കെ തുറന്ന് , വിടവുള്ള മുൻവരി പല്ലുകളിൽ നിറഞ്ഞ ചിരിയുമായി വനജ വന്നു.
തിരുവനന്തപുരത്ത് കുമാരപുരത്തെ ഒരു ഏജൻസി മുഖേനയാണ് റിക്രൂട്ട്മെൻ്റ്. നടത്തിപ്പ് കാരിയുടെ പേര് പറഞ്ഞപ്പോൾ ” അയ്യോ…അതത്ര പന്തിയല്ലല്ലോ ” എന്ന് ബാബുപോൾ സാർ ആശങ്കപ്പെട്ടു. എൻ്റെയും രണ്ട് ചെറിയ പെൺമക്കളുടെയും സുരക്ഷിതത്വത്തെപ്പറ്റി എന്നും ഉത്കണ്ഠാകുലനായിരുന്നല്ലോ അദ്ദേഹം.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അന്നത്തെ ഒരു മന്ത്രിക്കെതിരെ ലൈംഗികാരോപണവുമായി പത്ര സമ്മേളനത്തിന് എത്തിയ സ്ത്രീയെ ചിലർ വിരട്ടി ഓടിച്ച സംഭവം ഞാനോർത്തു. സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ ചേംബറിനോട് ചേർന്നുള്ള റസ്റ്റ് റൂമിൽ വച്ച് നടന്ന പീഢനത്തെപ്പറ്റി പരാതിപ്പെടാൻ ബാബുപോൾ സാർ സമക്ഷം പല തവണ അവർ ചെന്നതും എനിക്കറിയാമായിരുന്നു.
“നമുക്ക് നോക്കാം ,അടുക്കളയിൽ ഒരാളില്ലാതെ പറ്റില്ലല്ലോ ” എന്ന് ഞാൻ സ്വയം ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
അങ്ങനെ വനജ എത്തി. നല്ല ചൊടിയും ചുണയുമുള്ള മുപ്പത്തിരണ്ടുകാരി. കാഴ്ച കൊണ്ടും വെടിപ്പ് കൊണ്ടും പെരുമാറ്റം കൊണ്ടും അവൾ ഞങ്ങൾക്ക് അഭിമതയായി.
ഒരു ദിവസം ടെലിവിഷനിൽ വന്ന മലയാള സിനിമയിലെ പുതുമുഖ നടിയെ ചൂണ്ടി വനജ പ്രസ്താവിച്ചു.
” എൻ്റൂടി പഠിച്ചതാ, ഈ സാധനം ”
ഞാൻ വനജയെ നോക്കി. വനജ എൻ്റെ മക്കളെ നോക്കി. പത്താം ക്ലാസ്സ് പഠനകാലം തൊട്ടുള്ള അവളുടെ കഥ ചുരുളഴിഞ്ഞ തങ്ങനെയാണ്.
ശ്രീകാര്യത്താണ് വീട്. അവൾ കുഞ്ഞായിരുന്നപ്പോഴേ അമ്മ മരിച്ചു. മുൻ ശുണ്ഠിക്കാരനായ അച്ഛൻ. ഒരു ചേച്ചിയുള്ളത് വിവാഹിതയായി ഏതോ നാട്ടിൽ. പത്താം തരത്തിൽ പഠിക്കുന്ന വനജ സ്കൂളിൽ പോകാൻ ബസ് കാത്ത് നിൽക്കുന്നതിനടുത്ത് കെൽട്രോണിൻ്റെ ഒരു ഔട്ട് ലെറ്റുണ്ട്. അവിടെ ജോലി ചെയ്തിരുന്ന ഒരു ചെറുപ്പക്കാരന് വനജയോട് പ്രണയം തോന്നി. നിത്യ കാഴ്ചയല്ലേ ,തിരിച്ചും തോന്നുമല്ലോ. മണ്ണാറശ്ശാല ഇല്ലത്തെ ഇളമുറക്കാരൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയായിരുന്നു കാമുകൻ.
നമ്പൂതിരി – വനജ പ്രേമം നാടറിഞ്ഞു, നാട്ടാരറിഞ്ഞു കർക്കശക്കാരനായ അച്ഛനറിഞ്ഞു. ആകെ പൊല്ലാപ്പായി. വനജ വീട്ടുതടങ്കലിലുമായി. രക്ഷപ്പെടാൻ തക്കം കിട്ടിയപ്പോൾ അവൾ ഉണ്ണി നമ്പൂതിരിയുടെ അരികിലെത്തി . അവൾ ഒളിച്ചോടി. അയാൾടെ ചങ്ങാതിമാരുടെ വീടുകളിൽ കുറെനാൾ തങ്ങി.
സമവായ ചർച്ചകൾക്കൊടുവിൽ ദമ്പതിമാർക്ക് ഇല്ലത്ത് പ്രവേശനം കിട്ടി. ഉണ്ണിയുടെ ബന്ധുവായ രാധാകൃഷ്ണനാണ് മുൻകൈ എടുത്തത്. അയാൾടെ ഭാര്യ ഭാവന ഉണ്ണീടെ മുറപ്പെണ്ണാണ്. ഗായികയാണ്. വനജയെ ഭാവനയ്ക്ക് അത്ര ബോധിച്ചില്ല.വനജയ്ക്ക് തിരിച്ചും.
യഥാസമയം വനജ പ്രസവിച്ചു, ഒരു കുഞ്ഞുണ്ണിയെ. അതോടെ എല്ലാവർക്കും അവൾ പ്രിയങ്കരിയായി. അങ്ങനെ സുഖമായി കഴിയുന്നതിനിടെയാണ് ജീവിതം തകർത്തെറിഞ്ഞ ആ ദുരന്തം ഉണ്ടായത്. ഒന്നര വയസ്സുള്ള കുഞ്ഞുണ്ണിയുമായ് സ്കൂട്ടറിൽ സായാഹ്നസവാരിക്കിറങ്ങിയതാണ്. റോഡിലെ ഒരു ഹംപ് കേറിയിറങ്ങുന്നതിനിടയിൽ വനജയുടെ കൈയ്യിൽ നിന്ന് കുഞ്ഞ് താഴേയ്ക്ക് വഴുതിത്തെറിച്ചു. തലയിടിച്ചാണ് വീണത്. കുഞ്ഞ് മരിച്ചതറിഞ്ഞ് വനജ ഭ്രാന്തിയെപ്പോലെ റോഡിലൂടെ ഓടി. ദു:ഖത്താൽ ഉണ്ണി നമ്പൂതിരി എങ്ങോ പുറപ്പെട്ട് പോയി. പിന്നെ മടങ്ങി വന്നില്ല .
കഥ കേട്ട് ഞങ്ങൾ തേങ്ങിക്കരഞ്ഞു. വനജ പക്ഷേ കരഞ്ഞില്ല. അവളുടെ കണ്ണുകളിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ സഹനത്തിൻ്റെ തിരി പിടുത്തം കണ്ടു. ഞാൻ വനജയെ ആർദ്രമായി തൊട്ടു.
വനജയുടെ കഥയറിഞ്ഞ് ബാബുപോൾ സാറിനും സങ്കടമായി. എന്നെക്കാൾ എംപതിറ്റിക്കാണ് സാർ. ഉണ്യമ്പൂരി എവിടുണ്ടേലും കണ്ടു പിടിച്ച് നമുക്ക് അവരെ ഒന്നിപ്പിക്കാം എന്ന് പ്രത്യാശയുടെ ഒരു തരി എൻ്റെ മനസ്സിലിട്ടു തന്നു അദ്ദേഹം.
” ഉണ്യമ്പൂരി ഇപ്പോ എവിടെയാ വനജേ” ഞാൻ തിരക്കി.
” പുറം രാജ്യത്താ..ഓസ്ട്രേലിയയിൽ. ഏതോ കൂട്ടുകാരൻ കൊണ്ടുപോയതാണ് ”
” അയാൾടെ ഫോൺ നമ്പർ എവിടുന്നേലും കിട്ടുമോ.” എൻ്റെ ചോദ്യം. അവളുടെ മുഖം തിളങ്ങി.
” പാളയത്ത് ഒരു കൂട്ടുകാരൻ്റെ കടയുണ്ട്. ഒരീസം അവ്ടെ പോയി ചോദിച്ച് നോക്കാം ” എന്ന് വനജ .
ഫോൺ നമ്പർ കിട്ടിയാൽ ഏത് വിധേനയും അയാളെ കണ്ടെത്താമെന്നും വേണ്ടി വന്നാൽ വനജയെ അയാൾക്കരികിൽ എത്തിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. (സാമൂഹ്യ സേവനത്വരയെന്ന് കൂട്ടിക്കോ)
മാമ്പഴ പുളിശ്ശേരി, പഴമ്മാങ്ങാ പച്ചടി, കൂട്ടുകറി ഇത്യാദി കറികൾ രുചികരമായി പാചകം ചെയ്തും ഇല്ലത്ത് വേളി ദിവസം നടന്ന ഇലയിൽ ഊണ് എന്ന ആചാരത്തെപ്പറ്റി വിശദീകരിച്ചും വനജ എന്നെ പിന്നെയും പിന്നെയും മോഹിപ്പിച്ചു.
ബാബുപോൾ സാറിൻ്റെ തിരക്ക് പിടിച്ച ദിനചര്യകൾക്കിടയിലും , എൻ്റെ ഔദ്യോഗിക ബദ്ധപ്പാടുകൾക്ക് നടുവിലും വനജയെ പറ്റി മാത്രമായി ഞങ്ങളുടെ സംസാരം.
അങ്ങനെ ഒരു ദിവസം വൈകന്നേരം..
തലസ്ഥാനത്തെ ആദ്യ mall Style Plus, ദേവീക്ഷേത്രം , ദേവസ്വം ബോർഡ് ആസ്ഥാനം , ക്ലിഫ് ഹൗസ് ഇങ്ങനെ തിരക്കേറിയ റോഡ് വഴിയാണ് എൻ്റെ സ്ഥിരം യാത്ര. ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഞാൻ കണ്ടു , നാലും കൂടിയ മുക്കിലെ ഹോട്ടലിന് മുന്നിൽ , വീട്ടിൽ ഇടാറുള്ള അതേ വേഷത്തിൽ കൂളായി നിന്ന് ചായ കുടിക്കുന്ന വനജയെ.
അല്പം മുന്നോട്ട് നീങ്ങി നിർമല ഭവൻ സ്കൂളിനെതിരെ കാറൊതുക്കി, പുറത്തിറങ്ങാതെ ഞാനിരുന്നു. വീട്ടിൽ പോയിട്ടും കാര്യമില്ല. വീടിൻ്റെ താക്കോൽ വിരലിലിട്ട് കറക്കിയാണ് വനജേടെ നിൽപ്പ്.
സ്വയം ഉണ്ടാക്കുന്ന ചായ മടുത്തിട്ട് കടച്ചായ കുടിക്കുന്നു , അതിലിത്ര ബേജാറാവാനെന്തുള്ളൂ. ഞാൻ എന്നെ അടക്കി നിർത്തി.
എന്നാലുമില്ലേ ഒരഭംഗി..
വീട്ടിലെത്തിയ ഉടൻ വനജ പറഞ്ഞു, ”പാളയത്തെ കൂട്ടുകാരനെ വിളിച്ചു. ഉണ്യേട്ടൻ്റെ നമ്പർ തന്നില്ല.”
” ഓസ്ട്രേലിയയിൽ എവിടെയാണെന്നും, ജോലി ചെയ്യുന്നതെവിടെയെന്നും സൂത്രത്തിൽ തിരക്കാരുന്നില്ലേ ” എന്ന് ഞാൻ.
” അത് ചോദിച്ചു. ഓസ്ട്രേലിയയിലെ ജംഗ്ഷനിലാണ് ജോലി എന്ന് പറഞ്ഞു. ”
ഒരു നിമിഷം ഞാനങ്ങനെ നിന്നു പോയി. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിലെ അമേരിക്കൻ ജംഗ്ഷൻ എന്ന മോഹൻലാലിൻ്റെ ഡയലോഗ് ഓർത്ത് നിന്നതാണ്.
പെട്ടെന്നാണ് ആരോ ഒരാപ്പിൾ എൻ്റെ തലയിൽ കൊണ്ടിട്ടത്. ഉണ്ണീടെ മുറപ്പെണ്ണ് എന്ന് പറഞ്ഞ ഗായിക ”എന്നോടെന്തിനീ പിണക്കം ” ആലപിച്ച ഭാവനാ രാധാകൃഷ്ണനാണെന്ന് വനജ പറഞ്ഞ് എനിക്കറിയാമല്ലോ. ഞാൻ ഉടനെ അവരെ ഫോണിൽ വിളിച്ചു. മണ്ണാറശാല ഇല്ലത്തെ ഉണ്യമ്പൂരിയെപ്പറ്റി ചോദിച്ചു. അതാര് എന്ന് ഭാവന അമ്പരന്നു.അവർ ഭർത്താവിനോട് അന്വേഷിക്കുന്നത് കേട്ടു. അദ്ദേഹവും കൈമലർത്തി.
പിന്നെ വൈകിയില്ല. ലാൻഡ് ഫോണിൻ്റെ കോളർ ഐഡി പരതി വനജ സ്ഥിരമായ് വിളിച്ചിരുന്ന ചില നമ്പരുകൾ ഞാൻ കണ്ടെത്തി. പ്രശസ്ത സംവിധായകൻ ജോഷിയുടെ സഹോദരിയുടേതായിരുന്നു ആ നമ്പർ. ആ വീട്ടിൽ വനജ ജോലി ചെയ്തിരുന്നതായി അവർ പറഞ്ഞു.
രണ്ടാമത്തെ നമ്പർ വനജയുടെ ചേച്ചിയുടെ മകൻ്റേതായിരുന്നു. അയാൾ എൻ്റെ ഓഫീസിലെത്തി. ഇടയ്ക്കിടെ ഫോണിൽ വിളിക്കുമെങ്കിലും എവിടെയാണ് എന്ന് വനജ വെളിപ്പെടുത്തിയിരുന്നില്ല.
“വിടപറയും മുമ്പേ ” എന്ന ചിത്രത്തിൽ നെടുമുടി വേണു അവതരിപ്പിച്ച സേവ്യർ എന്ന കഥാപാത്രത്തിൻ്റെ പെൺപതിപ്പായിരുന്നു വനജ. സേവ്യർ മരണത്തിൻ്റെ കാലൊച്ചയ്ക്ക് കാതോർത്തിരുന്നവൻ. വനജയാകട്ടെ ചെറുപ്പം മുതൽ മാനസിക വിഭ്രാന്തിക്ക് ചികിത്സയിലായിരുന്നു. അഞ്ചാം തരത്തിൽ പഠിത്തം അവസാനിപ്പിച്ചു. അവിവാഹിതയായ വനജ സ്വപ്നങ്ങൾക്ക് യുക്തിഭദ്രമായ തിരക്കഥയുണ്ടാക്കി ഞങ്ങളെ നിലംപരിശാക്കി.
ചേച്ചിയുടെ മകനൊപ്പം പടിയിറങ്ങവെ വനജ തലയുയർത്തി പിടിച്ച് ഒരു യമണ്ടൻ ചോദ്യം എന്നോട് ,
” ഞങ്ങള് തൊഴിലാളികള് അങ്ങനെ പലതും പറഞ്ഞെന്നിരിക്കും ,നിങ്ങള് വിശ്വസിക്കാൻ പോയതെന്തിന് ?”
എനിക്ക് മറുപടി ഇല്ലായിരുന്നു.