പഴയ കായിക താരത്തിൻറെ മികവ് മൂന്ന് പതിറ്റാണ്ടിനു ശേഷവും ചോര്‍ന്നു പോയിട്ടില്ലെന്ന് തെളിയിച്ച് മന്ത്രി ചിഞ്ചുറാണി.എസ്എന്‍ കോളേജ് പഠനകാലത്ത് ട്രാക്കില്‍ വേഗത്തിൻറെ തീപ്പൊരിയായ ആ പഴയ കായിക താരം വീണ്ടും അതേ മൈതാനത്ത് ഒരിക്കല്‍ക്കൂടി മികവുള്ള ഓട്ടക്കാരിയായി. പരിശീലനം മുടങ്ങി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മൈതാനത്ത് എത്തിയതെങ്കിലും പഴയ കായിക ശോഭ കെട്ടുപോയില്ലെന്ന് മന്ത്രി തെളിയിച്ചു.
ഭരണത്തില്‍ മാത്രമല്ല സ്പോര്‍ട്ട്സ് ട്രാക്കിലും അതേ വേഗമുണ്ട് ഈ മുന്‍ കായിക താരത്തിന്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് ഗെയിമിലാണ് മന്ത്രി ചിഞ്ചുറാണി ഒരിക്കല്‍ കൂടി ജഴ്സിയണിഞ്ഞ് ട്രാക്കിലെത്തിയത്.ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ് ഒടുവില്‍ മന്ത്രി ചിഞ്ചുറാണി ഓട്ടമത്സരത്തില്‍ പങ്കെടുത്തത്.
വിവിധ പ്രായത്തിലുള്ള കായിക താരങ്ങള്‍ക്കൊപ്പം 100 മീറ്റര്‍ ഓട്ട മത്സരത്തില്‍ പങ്കെടുത്ത് ആദ്യ മൂന്നില്‍ മന്ത്രി ഫിനിഷ് ചെയ്തു. രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ കായിക മികവിലൂടെ ജോലി സമ്ബാദിക്കുമായിരുന്നുവെന്നായിരുന്നു പിന്നാലെ മന്ത്രിയുടെ പ്രതികരണം. അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ ദേശീയ തലത്തില്‍ മത്സരിച്ചിട്ടുണ്ട് ചിഞ്ചുറാണി. 1981ല്‍ ദില്ലിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച ക്രോസ് കണ്ട്രി റെയ്സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ വനിതാ എന്‍സിസി കേഡറ്റായിരുന്നു ചിഞ്ചുറാണി.
പിന്നീട് സിപിഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും, തെരഞ്ഞെടുപ്പ് പ്രചരണ സമയത്തുള്‍പ്പടെ തന്റെ കായിക നേട്ടങ്ങള്‍, കുട്ടിക്കാലത്തെ ജീവിത പ്രതിസന്ധിയുടെ ഓര്‍മകളില്‍ ഇഴചേര്‍ത്ത് ഏറെ വൈകാരികതയോടെ ചിഞ്ചുറാണി പല വേദികളില്‍ പ്രസംഗിച്ചിരുന്നു. ഒടുവില്‍ ഒരിക്കല്‍കൂടി ട്രാക്കിലെത്തിയപ്പോള്‍ ഭരണത്തിരക്കുകള്‍ക്കിടയില്‍ കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ സമയമില്ലെന്ന ചെറിയ നിരാശയും മന്ത്രി മറച്ചുവയ്ക്കുന്നില്ല. അതേസമയം, ‘ക്യാപ്ഷന്‍ പ്ലീസ്’ എന്ന തലവാചകത്തോടെ മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച ട്രാക്കിലെ ചിത്രത്തിന് രസകരമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.