വാഷിങ്ടൺ:യുഎസിൽ ആഞ്ഞുവീശിയ ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റിൽ മരണം 80 കടന്നു. യുഎസിന്റെ മധ്യപടിഞ്ഞാറൻ, തെക്കൻ മേഖലയിൽ ടൊർണാഡോ ചുഴലിക്കൊടുങ്കാറ്റിനൊപ്പം പേമാരിയും ഇടിമിന്നലും ചേർന്നതോടെ ജനജീവിതം നിശ്ചലമാവുകയായിരുന്നു.മരണസംഖ്യ നൂറിലെത്താമെന്നും സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും കെൻറക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കെൻറക്കിയിലെ മെയ്ഫീൽഡിലുള്ള മെഴുകുതിരി നിർമാണ ഫാക്ടറിയിൽ നൂറിലേറെ പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇലനോയിൽ ചുഴലിക്കാറ്റിനെ തുടർന്ന് ആമസോൺ ഗോഡൗണിെൻറ മേൽക്കൂരയും ചുവരും തകർന്നു. എത്രപേരാണ് അപകടത്തിൽപെട്ടതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നാശനഷ്ടങ്ങൾ വിലയിരുത്തുകയാണെന്ന് ആമസോൺ പ്രതികരിച്ചു. ഒരാളെ ഹെലികോപ്ടർ വഴി ആശുപത്രിയിലെത്തിച്ചതായും റിപ്പോർട്ടുണ്ട്.
















