രാജ്കോട്ട് : തോൽവി ഉറപ്പിച്ചിടത്തു നിന്ന് പോരാട്ടം ഏറ്റെടുത്ത വിഷ്ണു വിനോദും(Vishnu Vinod) സിജോമോൻ ജോസഫും(Sijomon Joseph)ചേർന്ന് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണെൻറിൽ (Vijay Hazare Trophy 2021-22) മഹാരാഷ്ട്രക്കെതിരെ കേരളത്തിന് (Kerala vs Maharashtra) സമ്മാനിച്ചത് അവിശ്വസനീയ ജയം. 292 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരളം 26ാം ഓവറിൽ 120-6 എന്ന നിലയിൽ തകർന്നടിഞ്ഞെങ്കിലും ഏഴാം വിക്കറ്റിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയർത്തി. വിഷ്ണു വിനോദിൻറെ അപരാജിത സെഞ്ചുറിയുടെയും സിജോമോൻ ജോസഫിൻറെ അപരാജിത അർധസെഞ്ചുറിയുടെയും കരുത്തിൽ 48.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. സ്കോർ മഹാരാഷ്ട്ര 50 ഓവറിൽ 291-8, കേരളം 49.5 ഓവറിൽ 294-6.
വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് 70 പന്തിൽ 71 റൺസെടുത്തു. തുടക്കത്തിൽ 35-4 എന്ന നിലയിൽ തകർന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റൻ സഞ്ജു സാംസണും(35 പന്തിൽ 42), ജലജ് സക്സേനയും(44) ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 കടത്തിയത്. ഇരുവരും അടുത്തടുത്ത് പുറത്തായതോടെ തോൽവി ഉറപ്പിച്ച കേരളത്തെയാണ് വിഷ്ണുവും സിജോമോനും ചേർന്ന് തകർപ്പൻ ജയത്തിലേക്ക് നയിച്ചത്. മൂന്ന് കളികളിൽ കേരളത്തിൻറെ രണ്ടാം ജയമാണിത്.
82 പന്തിലാണ് ഏഴാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് സെഞ്ചുറി തികച്ചത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ വിഷ്ണു വിനോദും സിജോമോൻ ജോസഫും ചേർന്ന് 24 ഓവറിൽ 174 റൺസാണ് അടിച്ചുകൂട്ടിയത്. നേരത്തെ റുതുരാജ് ഗെയ്ക്വാദിൻറെ(Ruturaj Gaikwad)തുടർച്ചയായ മൂന്നാം സെഞ്ചുറിയുടെ പിൻബലത്തിൽ 291 റൺസടിച്ച മഹാരാഷ്ട്രക്കെതിരെ തുടക്കത്തിലെ കേരളത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ത്രിപാഠിയുടെ ത്രോയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ(2) റണ്ണൗട്ടായതിൽ തുടങ്ങി നിർഭാഗ്യം.
പിന്നാലെ അഞ്ച് റൺസുമായി രോഹൻ കുന്നുമ്മലും മടങ്ങി. സച്ചിൻ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. വത്സലിൻറെ പോരാട്ടം 18ൽ റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം ജലജ് സക്സേന രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ഇതിനുശേഷമായിരുന്നു വിഷ്ണു വിനോദും സിജോമോൻ ജോസഫും അപ്രതീക്ഷിച ചെറുത്തുനിൽപ്പുമായി കേരളത്തെ വിജയവര കടത്തിയത്.