മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിയ്ക്ക് വിജയം. വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡ് വാറ്റ്ഫോർഡിനെ പരാജയപ്പെടുത്തി.
സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റഹീം സ്റ്റെർലിങ്ങാണ് ആതിഥേയർക്ക് വേണ്ടി വിജയ ഗോൾ നേടിയത്. 66-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സ്റ്റെർലിങ് ടീമിനായി വല ചലിപ്പിച്ചത്. പെനാൽറ്റി ബോക്സിനകത്തുവെച്ച് വോൾവ്സിന്റെ മൗട്ടിന്യോയുടെ കൈയിൽ പന്തുതട്ടിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി വിധിച്ചത്. ഈ വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 12 വിജയവുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ബ്രെന്റ്ഫോർഡ് ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് വാറ്റ്ഫോർഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടുഗോളുകൾ തിരിച്ചടിച്ച് ബ്രെന്റ്ഫോർഡ് കളി സ്വന്തമാക്കി.
24-ാം മിനിറ്റിൽ ഇമ്മാനുവൽ ബോണാവെൻച്വറിലൂടെ വാറ്റ്ഫോർഡ് മത്സരത്തിൽ ലീഡെടുത്തു. എന്നാൽ 84-ാം മിനിറ്റിൽ പോൺട്ടസ് ജാൻസൺ ബ്രെന്റ്ഫോർഡിന് സമനില ഗോൾ സമ്മാനിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുന്ന സമയത്ത് ബ്രെന്റ്ഫോർഡിന് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ബ്രയാൻ എംബിയോമുവിന് പിഴച്ചില്ല. പന്ത് അനായാസം വലയിലെത്തിച്ച് താരം ടീമിന് വിജയം സമ്മാനിച്ചു.
ഈ വിജയത്തോടെ ബ്രെന്റ്ഫോർഡ് പോയന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തെത്തി. 16 മത്സരങ്ങളിൽ നിന്ന് 20 പോയന്റാണ് ടീമിനുള്ളത്.