ഹരിപ്പാട്: നിയന്ത്രണംവിട്ട മിനിലോറി (Mini Lorry) ഓട്ടോ സ്റ്റാൻഡിലേക്ക് (Auto stand) ഇടിച്ചുകയറി ഏഴു പേർക്ക് പരിക്കേറ്റു. അഞ്ച് ഓട്ടോ ഡ്രൈവർമാർക്കും (Auto drivers) രണ്ടു യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ദേശീയപാതയിൽ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർമാരായ കാർത്തികപ്പള്ളി എരിക്കാവ് രാകേന്ദു വീട്ടിൽ അനീഷ്(36), പുതുക്കുളം ശങ്കര നിവാസിൽ ശിവശങ്കര കുറുപ്പ് (46), ഹരിപ്പാട് കൃഷ്ണ ഭവനത്തിൽ ഹരികൃഷ്ണൻ (24), ഹരിപ്പാട് വെട്ടുവേനി എബി ഭവനത്തിൽ എബി ജോൺ (41), തൃക്കുന്നപ്പുഴ പതിയാങ്കര കൊച്ചു തറയിൽ ഷിബിൻ (24), ബസ് സ്റ്റോപ്പിൽ നിന്ന യാത്രികനായ ഹരിപ്പാട് ഇരികുളം പുത്തൻവീട്ടിൽ ജയചന്ദ്രൻ (51) ലോറിയിൽ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകാനായി വന്നിരുന്ന മറ്റൊരു യുവാവ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആറ് ഓട്ടോകൾക്കും ഒരു സ്‌കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറിയത്. ഹരിപ്പാട് പൊലീസ് നടപടികൾ സ്വീകരിച്ചു.

















