തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച് സർക്കാർ. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കാൻ തീരുമാനമായി.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സന്നിധാനത്ത് രാത്രി തങ്ങാനും അനുമതിയായി. ഇതിനായി 500 മുറികൾ സജ്ജമാക്കിയിട്ടുണ്ട്.
പമ്പാസ്നാനത്തിനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ജലനിരപ്പ് വിലയിരുത്തി ജില്ലാ ഭരണകൂടമായിരിക്കും ഇക്കാര്യത്തിൽ അന്തിമ അനുമതി നൽകുക. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. തീർത്ഥാടകർ ഒഴുക്കിൽ പെടാതിരിക്കാൻ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്.

















