തിരുവനന്തപുരത്ത് വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐ ഐ എസ് ടി) ഏറോസ്പേസ് എൻജിനിയറിങ്ങിൽ നാലുവർഷ ബി ടെക് പ്രോഗ്രാം നടത്തുന്നുണ്ട്. പ്രവേശനം ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ ഇ ഇ ) അഡ്വാൻസ്ഡ് റാങ്ക്/മാർക്ക് അടിസ്ഥാനമാക്കിയാണ്.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജെ ഇ ഇ മെയിൻ പേപ്പർ 1 (ബി.ഇ/ബി.ടെക് പേപ്പർ) അഭിമുഖീകരിച്ച് ജെ ഇ ഇ അഡ്വാൻസ്ഡിന് ആദ്യം യോഗ്യത നേടണം. 2021-ൽ വിവിധ കാറ്റഗറികളിൽനിന്നുമായി 2,50,000 പേർക്കാണ് അഡ്വാൻസ്ഡിന് അർഹത ലഭിച്ചത്. ഫിസിക്സ്-കെമിസ്ട്രി-മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ ഒബ്ജക്ടീവ് ടൈപ്പ്/ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുള്ള മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് ജെ ഇ ഇ മെയിൻ പേപ്പർ-1. 2021-ൽ നാല് സെഷനുകളുണ്ടായിരുന്നു.
താത്പര്യമനുസരിച്ച് ഇതിൽ എത്ര സെഷൻ വേണമെങ്കിലും അഭിമുഖീകരിക്കാം. ഏറ്റവും മെച്ചപ്പെട്ട പെർസന്റൈൽ സ്കോർ പരിഗണിച്ചാകും റാങ്ക് നിർണയിക്കുക. ഈ പരീക്ഷ അഭിമുഖീകരിക്കാൻ സയൻസ് സ്ട്രീമിൽ നിശ്ചിത വിഷയങ്ങൾ പഠിക്കണം. വിവരങ്ങൾക്ക് ജെ ഇ ഇ മെയിൻ ഇൻഫർമേഷൻ ബുള്ളറ്റിൻ കാണുക.
അഡ്വാൻസ്ഡിന് അർഹത ലഭിച്ചാൽ ഫീസ് അടച്ച് രജിസ്റ്റർചെയ്ത് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളുള്ള രണ്ടു പേപ്പറുകൾ അഭിമുഖീകരിക്കണം. യോഗ്യത നേടാൻ കാറ്റഗറി അനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഓരോന്നിലും മിനിമം കട്ട് ഓഫ് മാർക്ക് നേടണം. ഒപ്പം രണ്ടു പേപ്പറിനുംകൂടി മിനിമം കട്ട് ഓഫ് മാർക്ക് നേടണം.
ഐ ഐ എസ് ടി പ്രവേശനത്തിന് അപേക്ഷിക്കണം. അപേക്ഷാർഥി പ്ലസ് ടു യോഗ്യതാപരീക്ഷ ജയിച്ചിരിക്കണം (2021 വർഷത്തേക്ക് നൽകിയ ഇളവാണിത്. സാധാരണ ഗതിയിൽ കട്ട് ഓഫ് മാർക്ക് വ്യവസ്ഥ ഉണ്ടാകും). അപേക്ഷ സ്വീകരിച്ച് ജെ ഇ ഇ അഡ്വാൻസ്ഡ് റാങ്ക്/സ്കോർ പരിഗണിച്ച് പ്രവേശനം നടത്തും.