കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷൻ്റെ കേരള വുമന്‍സ് ലീഗ് (കെ ഡബ്ല്യു എല്‍) 2021-22 മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ലീഗില്‍ ഇത്തവണ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറുമുതൽ ഫ്ലഡ്ലൈറ്റിലായിരിക്കും എല്ലാ മത്സരങ്ങളും നടക്കുക.
വൈകിട്ട് ആറിന് ആദ്യ മത്സരത്തില്‍ ദേശീയ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ലൂക്ക സോക്കര്‍ ക്ലബ്ബ്, ട്രാവന്‍കൂര്‍ റോയല്‍സ് എഫ്സി, കടത്തനാട് രാജ എഫ്എ, ഡോണ്‍ബോസ്കോ എഫ്എ എന്നിവയാണ് ലീഗിലെ മറ്റു ടീമുകള്‍. 2022 ജനുവരി 24 വരെ നീളുന്ന ലീഗില്‍ എല്ലാ ടീമുകളും രണ്ടു തവണ നേര്‍ക്കുനേര്‍ വരും.
ആകെ 30 മത്സരങ്ങള്‍. ജേതാക്കള്‍ ആഖിലേന്ത്യാ ഫുഡ്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ വുമന്‍സ് ലീഗിലേക്ക് യോഗ്യത നേടും. ഒരു ലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് അമ്പതിനായിരം രൂപ ലഭിക്കും. പ്രോത്സാഹനമെന്ന നിലയില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് കെ എഫ് എ ജനറല്‍ സെക്രടറി പി അനില്‍കുമാര്‍ അറിയിച്ചു.
അനുഷ്ക സാമുവല്‍ (ഗോകുലം), അനന്ദശയന എം ബി (കേരള യുനൈറ്റഡ്), ജൂബി ജോണ്‍ (ലൂക്ക), തുളസി എസ് വര്‍മ (കടത്തനാട് രാജ), ഐശ്വര്യ എസ് (ട്രാവന്‍കൂര്‍ റോയല്‍സ്), അഞ്ജലി തോട്ടംകുനി (ഡോണ്‍ബോസ്കോ) എന്നിവരാണ് വിവിധ ടീമുകളുടെ ക്യാപ്റ്റന്മാര്. എല്ലാ മത്സരങ്ങളും സ്പോര്‍ട്സ് കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
കൊച്ചിയില്‍ നടന്ന പ്രഖ്യാപന ചടങ്ങില്‍ മാളവിക ജയറാം ലീഗ് ട്രോഫി അനാവരണം ചെയ്തു. കെ എഫ് എ ഹോണററി പ്രസിഡന്റ് കെ എം ഐ മേത്തര്‍, പ്രസിഡന്റ് ടോം ജോസ്, ജന.സെക്രട്ടറി പി അനില്‍കുമാര്‍, സ്കോര്‍ലൈന്‍ ഡയറക്ടര്‍ മിന്ന ജയേഷ്, ടീം ക്യാപ്റ്റന്മാര് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.