ദോഹ: ഖത്തറിൻ്റെ രണ്ട് അതിർത്തികൾക്കിടയിലെ 90 കി.മീ മാരത്തൺ ഓട്ടമായ അൾട്രാ റണ്ണിന് ഇന്ന് തുടക്കം. ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് എന്ന പേരിൽ ഷെറാട്ടൺ പാർക്കിൽനിന്നും ആരംഭിച്ച് ദുഖാൻ ബീച്ചിൽ സമാപിക്കുന്ന മാരത്തണിൽ 650 മത്സരാർഥികൾ പങ്കെടുക്കുന്നുണ്ട്. ഖത്തർ കായിക മന്ത്രാലയത്തിനു കീഴിലാണ് ലോകത്തെ തന്നെ ദൈർഘ്യമേറിയ ഓട്ടങ്ങളിലൊന്നായ അൾട്രാ റൺ നടക്കുന്നത്.
രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്പോർട്സും വ്യായാമവും ശീലമാക്കി, ആരോഗ്യ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായാണ് അൾട്രാ റൺ സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടിന് ശേഷം അഞ്ച് പോയൻറുകളാണ് മത്സരാർഥികൾക്ക് വിശ്രമിക്കാനായി ഒരുക്കിയിരിക്കുന്നത്. 11.9 കി.മീ പിന്നിട്ട ശേഷം ക്യൂ എൻ സി സി, 22.5 കി.മീ പിന്നിട്ട ശേഷം അൽ ഷഹാനിയ ഡെസേർട്ട് പാർക്ക്, നസ്റാനിയ, അൽ ഉവൈന, ക്യൂബൻ ആശുപത്രി എന്നിവിടങ്ങളാണ് വിശ്രമ കേന്ദ്രം.
ഇവിടെ, ഭക്ഷണവും വെള്ളവും തയാറാക്കും. ആംബുലൻസ്, പോലീസ്, മെഡിക്കൽ സംവിധാനങ്ങൾ, ഡോക്ടർമാർ എന്നിവരുടെ സേവനവും ഉണ്ടാവും. പുലർച്ചെ 4.30ന് ആരംഭിക്കുന്ന മത്സരത്തിൽ രാത്രി 8.30ന് മുമ്പ് മത്സരാർഥികൾ ഫിനിഷ് ചെയ്യണം എന്നാണ് നിബന്ധന. 56 രാജ്യങ്ങളിൽ നിന്നുള്ള 650 പേരാണ് മത്സരിക്കുന്നത്. 149 പേർ വനിതകളാണ്. 225 പേർ ഖത്തർ പൗരന്മാരാണ്. ബ്രിട്ടൻ (89), ഫിലിപ്പീൻസ് (36), ഇന്ത്യ (21) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ പങ്കാളിത്തം.