അൽഐൻ: ശൈത്യകാല അവധിക്കായി യുഎഇയിലെ വിദ്യാലയങ്ങൾ അടച്ചു. വാരാന്ത്യ അവധിയിൽ മാറ്റങ്ങൾ വന്നതോടെ സ്കൂളുകൾ തുറക്കുമ്പോൾ പുതിയ അനുഭവമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ജനുവരി മൂന്നിനാണ് സ്കൂളുകൾ തുറക്കുക. മൂന്നാഴ്ചക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ക്ലാസിലെത്തേണ്ടി വരും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലുമായിരിക്കും ഇനിമുതൽ അവധി. അധ്യാപകർക്കും ഇതര ജീവനക്കാർക്കും രണ്ട് ആഴ്ചകാലത്തെ അവധിയാണ് ലഭിക്കുക. ഒരാഴ്ച അധ്യാപകർക്കുള്ള പരിശീലന പരിപാടികളാണ്.
അതേസമയം, സ്കൂളുകൾ അടച്ചെങ്കിലും നല്ലൊരു ശതമാനം അധ്യാപകരും ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും ഇക്കുറി നാട്ടിലേക്ക് പോകുന്നില്ല. ഒമിക്രോൺ ഭീതിയാണ് കാരണം. ക്രിസ്മസും പുതുവൽസരവുമൊക്കെ ആഘോഷിക്കാൻ ഈ അവധിക്കാലത്ത് സ്വദേശത്തേക്ക് പോകാറുള്ള രക്ഷിതാക്കളും സ്കൂൾ ജീവനക്കാരുമാണ് പ്രതിസന്ധിയിലായത്.
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്കിൽ കുറവ് വന്നിട്ടുണ്ടങ്കിലും തിരിച്ച് ശൈത്യ അവധിക്ക് ശേഷം ജനുവരി ആദ്യവാരം ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഇപ്പോഴും ഈടാക്കുന്നത്. ഇതും അവധിക്ക് നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുവലിക്കുന്നു. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും അവധിക്കാലത്തിൻ്റെ ആനുകൂല്യം ലഭിക്കില്ല.
ബോർഡ് പരീക്ഷ ഈ വർഷം മുതൽ രണ്ട് പാദങ്ങളാക്കി നടത്തുന്നതിൽ ഒന്നാം പാദ പരീക്ഷകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. നവംബർ അവസാനവാരം തുടങ്ങിയ പരീക്ഷ അവസാനിക്കുന്നത് ഡിസംബർ അവസാനത്തിലാണ്. മിക്ക സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന സ്കൂളുകൾ തന്നെയാണ് പരീക്ഷ കേന്ദ്രം.
പരീക്ഷാ നടത്തിപ്പിന് നിരവധി അധ്യാപകരും ഇതര ജീവനക്കാരും ആവശ്യമായതിനാൽ വിദ്യാർഥികളെ പോലെ പരീക്ഷ ജോലിയിൽ ഏർപ്പെട്ട അധ്യാപകർക്കും ശൈത്യകാല അവധിയുടെ ആനുകൂല്യം കിട്ടാതെ വരും. ഏഷ്യൻ സ്കൂളുകളുടെ രണ്ടാം പാദം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദവും അവസാനിച്ചു. സാധാരണ കലാ കായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷപരിപാടികളുമൊക്കെ നടക്കാറുള്ളത് ഈ പാദത്തിലാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികൾ ഒരുമിച്ചു ചേരുന്നതിനും വിനോദ യാത്രകൾക്കുമൊക്കെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഈ വർഷം കലാ പരിപാടികളും മത്സരങ്ങളും കായിക പരിശീലങ്ങളുമെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നിരുന്നു. സൗജന്യമായി എക്സ്പോ നഗരി സന്ദർശിക്കൻ വിദ്യാർത്ഥികൾക്ക് സ്കൂളുകൾ അവസരമൊരുക്കിയതും നവ്യാനുഭവമായിരുന്നു. ഡിസംബർ 12 മുതൽ 18 വരെ അധ്യാപകർക്ക് സൗജന്യമായി എക്സ്പോ സന്ദർശിക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്.