മസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ സുരക്ഷയുടെ ഭാഗമായി രക്ഷാപ്രവർത്തനങ്ങൾക്കായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി റുബൂഉൽ ഖാലി അതിർത്തി ചെക്ക്പോസ്റ്റിൽ പ്രവർത്തനം തുടങ്ങി. ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം റോയൽ ഒമാൻ പോലീസും പ്രവർത്തനം തുടങ്ങിയിരുന്നു. പാസ്പോർട്ട്, റസിഡൻറ്സ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് ആർഒപി അതിർത്തിയിൽ സജ്ജീകരിച്ചത്.
ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും റോഡ് തുറന്നുകൊടുക്കാൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി റോഡിൻ്റെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച നടന്നു. ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾക്ക് അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും അനുവാദം.