ഇന്തയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, അദ്ദേഹത്തിന്റെ പത്നി, ജീവനക്കാർ…… എംഐ-17വി-5 എന്ന റഷ്യൻ നിർമ്മിത വിമാനത്തിന്‍റെ ഇന്നലത്തെ ദൗത്യം നിർണായകമായിരുന്നു. സാധാരണ ഉയർന്ന ഉദ്യോഗസ്ഥർ ഓൺ ബോർഡ് ഉണ്ടെങ്കിൽ രണ്ടുവട്ടം സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമെ ഹെലികോപ്റ്റർ പറന്നുയരൂ.
പൈലറ്റും സുരക്ഷാ ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ പറന്നുയരുന്നതിന് മുൻപ് യാതൊരു കുഴപ്പവും ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സൂചന, അതുകൊണ്ടു തന്നെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നതു വരെ ജനറല്‍ ബിപിൻ റാവത്തും കുടുംബവും അപകടത്തിൽപ്പെട്ട സംഭവത്തെക്കുറിച്ച് ആധികാരികമായി വിലയിരുത്തൽ സാധ്യമല്ല. എന്നാൽ ഇന്ത്യൻ വ്യോമസേനയിലെ കരുത്തൻമാരിൽ മുൻപന്തിയിലുള്ള എംഐ-17വി-5 തകർന്നു വീഴുമ്പോൾ ചോദ്യങ്ങളേറെയാണ്.
റഷ്യൻ നിർമിത സൈനിക ഗതാഗത ഹെലികോപ്റ്ററാണ് തകര്‍ന്നു വീണ എംഐ-17വി-5. എംഐ എട്ട് മുതല്‍ 17 വരെയുള്ള ഹെലികോപ്റ്റര്‍ കുടുംബത്തില്‍പ്പെട്ടവയാണിവ.
മോഡൽ: എംഐ-17 വി-5
നിര്‍മാതാക്കള്‍: കസാന്‍ ഹെലികോപ്റ്റേഴ്സ് (റഷ്യന്‍ ഹെലികോപ്‌റ്റേഴസ്)
ക്രൂ കപ്പാസിറ്റി: 3
ട്രാൻസ്പോർട്ട് കപ്പാസിറ്റി: 36
പരമാവധി വേഗം: മണിക്കൂറില്‍ 250 കിലോമീറ്റർ
ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായാണ് നൂതന സൈനിക-ഗതാഗത ഹെലികോപ്‌റ്ററായ എംഐ-17 വി-5 അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് 2008 ലാണ് റഷ്യയുമായി എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പിട്ടത്. 1.3 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ 80 എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനായിരുന്നു കരാര്‍. കരാര്‍ പ്രകാരം ഇതില്‍ ആദ്യത്തേത് 2013ല്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവസാന ബാച്ച് 2018ലാണ് വന്നത്.
ഇന്ത്യയ്ക്ക് പുറമെ അയൽരാജ്യങ്ങളായ ചെെന, പാകിസ്താൻ എന്നിവരുൾപ്പടെ നിരവധി രാജ്യങ്ങൾ സെെനിക ആവശ്യങ്ങൾക്ക് എംഐ-17വി-5 ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്.
സവിശേഷതകള്‍
മീഡിയം-ലിഫ്റ്റര്‍ ഗണത്തിൽ വരുന്ന എംഐ-17വി-5 എംഐ-8 രൂപഘടന അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എംഐ-17വി-5 ഹെലികോപ്റ്റര്‍ മുന്‍ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ പോലെ തന്നെ മികച്ച പ്രകടന സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ ചൂടുകൂടിയ മേഖലകള്‍, സമുദ്രം, മരുഭൂമി തുടങ്ങി ഏതുതരം കാലാവസ്ഥയിലും പറക്കാന്‍ കഴിയുമെന്ന സവിശേഷതയും ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്.
12.5 ചതുരശ്ര മീറ്റർ വിസ്തീര്‍ണ്ണമുള്ള ഹെലികോപ്റ്ററിന്റെ വലിയ ക്യാബിന്‍ ഫലപ്രദമായ സ്ഥലം വാഗ്ദാനം ചെയ്യുന്നതാണ്. സ്റ്റാന്‍ഡേര്‍ഡ് പോര്‍ട്ട്‌സൈഡ് വാതിലും പിന്‍വശത്തുള്ള റാമ്പും സൈനികരുടെയും ചരക്കുകളുടെയും പെട്ടന്നുള്ള നീക്കത്തിന് അനുവദിക്കുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. വിപുലീകരിച്ച സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിങ് ഡോര്‍, പാരച്യൂട്ട് ഉപകരണങ്ങള്‍, സെര്‍ച്ച്‌ലൈറ്റ്, FLIR സിസ്റ്റം, എമര്‍ജന്‍സി ഫ്‌ലോട്ടേഷന്‍ സിസ്റ്റം എന്നിവ ഹെലികോപ്റ്ററില്‍ ഘടിപ്പിക്കാനാവും.
13,000 കിലോഗ്രാമാണ് ഹെലികോപ്റ്ററിന്റെ പരമാവധി ടേക്ക് ഓഫ് കപ്പാസിറ്റി. ഇതിന് 36 സായുധ സൈനികരെ കൊണ്ടുപോകാനും അല്ലെങ്കില്‍ 4,500 കിലോഗ്രാം ഭാരം സ്ലിംഗ് ചെയ്ത് കൊണ്ടുപോകാനും കഴിയും.
ആയുധ സംവിധാനങ്ങള്‍
റഷ്യൻ ആയുധ വിതരണക്കാരായ റോസോബോറോനെക്‌സ്‌പോർട്ടിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഹെലികോപ്റ്ററിൽ അതിസുരക്ഷാ കോക്‌പിറ്റും മിസൈലുകൾക്കെതിരെ സ്വയം പ്രതിരോധ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു. റോക്കറ്റുകൾ, പീരങ്കികൾ, ചെറിയ ആയുധങ്ങൾ എന്നിവ വഹിക്കാനും ഇതിന് കഴിയും.
എംഐ-17വി-5ന് മിസൈലുകള്‍, എസ്-8 റോക്കറ്റുകള്‍, 23എംഎം മെഷീന്‍ ഗണ്‍, പികെടി മെഷീന്‍ ഗണ്‍, എകെഎം സബ് മെഷീന്‍ ഗണ്‍ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ഘടിപ്പിക്കാവുന്ന എട്ട് ഫയറിംഗ് പോസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ശത്രു സൈനികര്‍, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍, തുടങ്ങി സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ഓണ്‍ബോര്‍ഡ് ആയുധ സംവിധാനവുമുണ്ട്.
എഞ്ചിനും പ്രകടനവും
Mi-17V-5 ഒരു ക്ലിമോവ് TV3-117VM അല്ലെങ്കിൽ VK-2500 ടർബോ-ഷാഫ്റ്റ് എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്. TV3-117VM പരമാവധി 2,100 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ VK-2500 2,700 bhp പവർ ഔട്ട്പുട്ടാണ് നൽകുന്നത്. എംഐ സീരീസിലെ പുതുതലമുറ ഹെലികോപ്റ്ററുകൾക്ക് VK-2500 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് TV3-117VM-ന്റെ കൂടുതൽ നൂതന പതിപ്പായ പുതിയ ഫുൾ-അതോറിറ്റി ഡിജിറ്റൽ കൺട്രോൾ സിസ്റ്റം (FADEC) ആണ്.
ഇതിന് 250 കിലോമീറ്റർ വേഗതയും 580 കിലോമീറ്റർ റേഞ്ചുമാണുള്ളത്. രണ്ട് സഹായ ഇന്ധന ടാങ്കുകൾ ഘടിപ്പിച്ചാൽ റേഞ്ച് 1,065 കിലോമീറ്റർ വരെ നീട്ടാനാകും. ഹെലികോപ്റ്ററിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.
അതിജീവനം
ഹെലികോപ്റ്ററിന്റെ കോക്ക്പിറ്റും സുപ്രധാന ഘടകങ്ങളും ബുള്ളറ്റ് പ്രൂഫ് പ്ലേറ്റുകളാല്‍ സംരക്ഷിച്ചിരിക്കുന്ന രീതിയാലാണ് നിർമിച്ചിരിക്കുന്നത്. യുദ്ധ സമാനമായ സാഹചര്യങ്ങളിൽ ഇതിനുള്ളിലിരുന്ന് വെടിയുതിർക്കുന്ന സൈനികനെ സംരക്ഷിക്കുന്നതിനായി മെഷീന്‍ ഗണ്ണിന് പുറകിലായി ബുള്ളറ്റ് പ്രൂഫ് കവചങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
സീല്‍ ചെയ്ത ഇന്ധന ടാങ്കുകള്‍ക്കുള്ളിൽ പോളിയുറീതീന്‍ ഫോം കൊണ്ട് നിറയ്ക്കുകയും ഏതെങ്കിലും അപകടം നടന്നാല്‍ ഇത് സ്‌ഫോടനങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹെലികോപ്റ്ററില്‍ എഞ്ചിന്‍-എക്സ്ഹോസ്റ്റ് ഇന്‍ഫ്രാറെഡ് (ഐആര്‍) സപ്രസ്സറുകള്‍, ഒരു ഫ്‌ലെയേഴ്‌സ് ഡിസ്‌പെന്‍സര്‍, ഒരു ജാമര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള നിര്‍മാണ സവിശേഷതകള്‍ അപകടം നടന്നാല്‍ യാത്രക്കാര്‍ക്കും ചരക്കുകൾക്കും കൂടുതല്‍ സംരക്ഷണം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
കോക്ക്പിറ്റ്
വിപുലമായ കോക്പിറ്റാണ് എംഐ 17 വി 5 കോപ്റ്ററിന്റേത്. ഇത് പൈലറ്റുമാരുടെ ജോലിഭാരം കുറക്കാന്‍ സഹായിക്കുന്നു. കോക്ക്പിറ്റില്‍ അത്യാധുനിക ഏവിയോണിക്‌സ് സജ്ജീകരിച്ചിരിക്കുന്നു, അതില്‍ നാല് മള്‍ട്ടിഫങ്ഷന്‍ ഡിസ്‌പ്ലേകള്‍ (എംഎഫ്ഡികള്‍), നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, ഒരു ഓണ്‍-ബോര്‍ഡ് വെതര്‍ റഡാര്‍, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടും. ഇഷ്ടാനുസൃതമായി നിര്‍മ്മിച്ച ഇന്ത്യന്‍ എംഐ17വി5 ഹെലികോപ്റ്ററുകള്‍ നാവിഗേഷന്‍, ഇന്‍ഫര്‍മേഷന്‍-ഡിസ്പ്ലേകള്‍, ക്യൂയിംഗ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് ഈ കോപ്റ്ററിന്റെ കോക്പിറ്റിലുള്ളത്.
അപകടങ്ങൾ
എട്ട് വർഷത്തിനിടെ എംഐ 17 വി5 ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് ആറാം തവണ. 2013 ജൂണിൽ ഉത്തരാഖണ്ഡിൽ പ്രളയരക്ഷാ ദൗത്യത്തിനിടെ എംഐ 17 വി5 ഹെലികോപ്റ്റർ തകർന്ന് 20 സൈനികർ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. അഞ്ച് വ്യോമസേനാംഗങ്ങളും ആറ് ഐടിബിപി ഭടൻമാരും ഒമ്പത് എൻഡിആർഎഫ് ഭടൻമാരുമാണ് അന്ന് മരിച്ചത്. 2017 ഒക്‌ടോബർ ആറിന് അരുണാചലിൽ വ്യോമസേനയുടെ ചോപ്പർ തകർന്നുവീണ് ഏഴ് സൈനികർ കൊല്ലപ്പെട്ടു.
2016ലും 18ലും സമാനമായ രണ്ട് അപകടംകൂടി നടന്നു. 2019 ഫെബ്രുവരിയിൽ ജമ്മുകശ്‌മീരിലെ ബദ്‌ഗാമിലുണ്ടായ അപകടത്തിൽ ആറ് സൈനികരെ നഷ്ടമായി. ഒരു നാട്ടുകാരനും മരിച്ചു. ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണത്തിന് പിന്നാലെയുണ്ടായ ഈ ദുരന്തം ഇന്ത്യൻ സേനയുടെതന്നെ അബദ്ധത്തിലുള്ള മിസൈൽ പ്രയോഗത്തിലാണ് തകർന്നതെന്ന് പിന്നീട് തെളിഞ്ഞു. ഈ വർഷം അരുണാചലിലെ തവാങ്ങിൽ എംഐ 17 ഹെലികോപ്‌ടർ തകർന്നുവീണ് രണ്ട് പൈലറ്റുമാർ അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
അതിനുപിന്നാലെയാണ് സംയുക്തസേനാ മേധാവിയടക്കം 13 പേരുടെ ജീവനെടുത്ത ദുരന്തവും. പരിശീലനത്തിലെ പോരായ്‌മയും അടിയന്തര ഘട്ടങ്ങളിൽ രക്ഷപ്പെടലിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് പോരായ്‌മയായി വ്യോമയാന വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. വ്യോമസേനാ ഹെലികോപ്‌റ്ററുകളുടെ അറ്റകുറ്റപ്പണികൾ വേണ്ടവിധമല്ലെന്ന വിമർശം സിഎജി അടക്കം നേരത്തേ ഉന്നയിച്ചിട്ടുമുണ്ട്.