രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന് 40 റൺസ് തോൽവി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ്, വെങ്കിടേഷ് അയ്യർ നേടിയ 112 റൺസിന്റെ കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് നേടി.
സെഞ്ചുറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വെങ്കടേഷ് അയ്യരുടെ തിളക്കമാര്‍ന്ന പ്രകടനമാണ് മധ്യപ്രദേശിന് വിജയം സമ്മാനിച്ചത്. ശുഭം ശര്‍മ 67 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ഒരു സിക്സിന്റെയും ബലത്തില്‍ 82 റണ്‍സെടുത്തു.
കേരളത്തിനുവേണ്ടി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. മനുകൃഷ്ണന്, നിധീഷ്, രോഹന് കുന്നുമ്മല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 49.4 ഓവറിൽ 289ന് പുറത്തായി. കേരളത്തിനായി രോഹൻ കുന്നുമ്മൽ (66) സച്ചിൻ ബേബി (66) എന്നിവർ തിളങ്ങി. സഞ്ജു സാംസൺ 18 ന് പുറത്തായി.
മധ്യപ്രദേശിനുവേണ്ടി പുനീത് നാല് വിക്കറ്റെടുത്തപ്പോള്‍ വെങ്കടേഷ് അയ്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളം ചണ്ഡീഗഢിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.