കര്‍ണാടകയിലെ സുന്തികൊപ്പ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാതരായ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തി.ഭാഗ്യവശാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 7 ന് ഉച്ചയ്ക്ക് ശുചിമുറിയില്‍ സ്ഥാപിച്ചിട്ടുള്ള ടാപ്പിലെ വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ദുര്‍ഗന്ധമുള്ള വെള്ളത്തെക്കുറിച്ച് അധ്യാപകര്‍ പിന്നീട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഗീതയുമായി സംസാരിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.
ഇതാദ്യമായല്ല കര്‍ണാടകയില്‍ ടാങ്കിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ അപകടമായി മാറിയിരിക്കുകയാണ്. നേരത്തെയും, കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ 15 വിദ്യാര്‍ത്ഥികളെ കീടനാശിനി കലര്‍ത്തിയ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മാണ്ഡ്യ ടൗണില്‍ നിന്ന് 10 കിലോമീറ്ററില്‍ താഴെയുള്ള ഹുലികെരെ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ കുട്ടികളായിരുന്നു ഇവര്‍. ഉച്ചഭക്ഷണ സമയത്ത് സ്കൂളിലെ കുടിവെള്ള ടാങ്കില്‍ നിന്ന് വെള്ളം കുടിച്ച് നിമിഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വയറുവേദന അനുഭവപ്പെട്ടത്. ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ കുട്ടികളും 15 വയസ്സിന് താഴെയുള്ളവരായിരുന്നു. അധ്യാപികമാര്‍ കുട്ടികളെ കോതാത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ കുടിച്ച വെള്ളത്തില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തി. പിന്നീട് ഇവരെ ഉടന്‍ തന്നെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചു.പരാതിക്കു പിന്നാലെ ടാങ്ക് പരിശോധിച്ചപ്പോഴാണ് മുകളിലുള്ള വാട്ടര്‍ ടാങ്കിന്റെ മൂടി തുറന്നിരിക്കുന്നതായി കണ്ടെത്തിയത്. ടാങ്കിലെ വെള്ളത്തിനും ദുര്‍ഗന്ധമുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ മായം കലര്‍ന്നുവെന്ന് സ്ഥിരീകരിച്ചു. ഇതോടെ സ്കൂള്‍ അധ്യാപകരും മാനേജ്മെന്റും പോലീസ് ഉദ്യോഗസ്ഥരെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശിവമ്മയെയും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ എസ്ഐ പുനീതിനെയും വിവരമറിയിച്ചു. തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്യുകയും വെള്ളം പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുകയും ചെയ്തു.