മനാമ: കഴിഞ്ഞദിവസം നിര്യാതനായ മലയാളിയുടെ മൃതദേഹം ദുബൈ വിമാനത്താവളത്തിൽ 24 മണിക്കൂറോളം വൈകാനിടയായ സംഭവത്തിൽ പ്രവാസികളുടെ പ്രതിഷേധം.
തൃശൂർ ചേർപ്പ് സ്വദേശി ബദ്റുദ്ദീെൻറ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ബഹ്റൈനിൽനിന്ന് ദുബൈ വഴി നാട്ടിലേക്ക് കൊണ്ടുപോയത്. രാത്രി 9.45ന് ദുബൈയിൽനിന്ന് പുറപ്പെടേണ്ട വിമാനത്തിലാണ് മൃതദേഹം കൊച്ചിയിൽ എത്തിക്കേണ്ടിയിരുന്നത്. എന്നാൽ, നിശ്ചയിച്ചപ്രകാരം ദുബൈയിൽനിന്ന് ഈ വിമാനത്തിൽ മൃതദേഹം കൊണ്ടുപോയില്ല.
ആവശ്യമായ രേഖകൾ മുഴുവൻ കിട്ടിയില്ലെന്നാണ് വിമാനക്കമ്പനി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചത്.
ഇതേതുടർന്ന്, മൃതദേഹം നാട്ടിൽ സ്വീകരിക്കാൻ കാത്തുനിന്നവർ ആശങ്കയിലായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരെ ബന്ധപ്പെട്ടു.
അവരുടെകൂടി ഇടപെടലിനെത്തുടർന്നാണ് ബുധനാഴ്ച വൈകീട്ട് 9.45ന് മൃതദേഹം കൊണ്ടുപോകാനുള്ള നടപടി സ്വീകരിച്ചത്. രേഖകൾ ഇല്ലാത്തതാണ് കാരണമെങ്കിൽ ബഹ്റൈനിൽനിന്ന് ദുബൈ വരെ എങ്ങനെയാണ് മൃതദേഹം കൊണ്ടുപോയതെന്ന് ബന്ധുക്കൾ ചോദിക്കുന്നു.
സംഭവത്തിൽ ഇന്ത്യൻ എംബസിക്കും വിദേശകാര്യ മന്ത്രാലയത്തിനും പരാതി നൽകുമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു. വിമാനക്കമ്പനിയുടെ ഭാഗത്തുണ്ടായ കടുത്ത അനാസ്ഥയാണ് വൈകാനിടയാക്കിയതെന്ന് സാമൂഹിക പ്രവർത്തകനായ മജീദ് തണൽ കുറ്റപ്പെടുത്തി.