കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് വയസ്സിന് മുകളിലുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഫെബ്രുവരിയിൽ നൽകും. ജനുവരി അവസാനത്തോടെ ഇവർക്ക് നൽകാനുള്ള വാക്സിൻ കുവൈത്തിലെത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതൽ വിതരണം നടത്തും. ഇൗ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ് കുവൈത്തിലും രജിസ്ട്രേഷൻ ആരംഭിച്ചത്. മുതിർന്നവർക്ക് നൽകുന്നതിെൻറ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികൾക്ക് നൽകുക.
ഇത് 90 ശതമാനം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസർ ബയോൺടെകിെൻറ ക്ലിനിക്കൽ ട്രയൽസിൽ വ്യക്തമായെന്ന് കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്ക് പ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 427,000 കുട്ടികളാണ് കുവൈത്തിലുള്ളത്. രജിസ്റ്റർ ചെയ്ത മുതിർന്നവരുടെ കുത്തിവെപ്പ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യ മന്ത്രാലയം സജ്ജമാണ്.