അബുദാബി :സാധനങ്ങൾ വീട്ടിലും ഓഫിസിലും എത്തിക്കുന്ന ഡെലിവറി ജീവനക്കാരുടെ സുരക്ഷയ്ക്കായി അബുദാബി പൊലീസ് പ്രത്യേക ക്യാംപെയിൻ ആരംഭിച്ചു. ഇവർക്കിടയിലെ അപകടം 23% വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞവർഷം 170 അപകടങ്ങളിൽ 9 പേർ മരിച്ചിരുന്നു. 2019ൽ 162 അപകടങ്ങളുണ്ടായി.
മോട്ടോർ സൈക്കിൾ ഡ്രൈവർമാരുടെ അമിതവേഗം, തെറ്റായ ഓവർടേക്കിങ്, സിഗ്നൽ ഇടാതെ ലെയ്ൻ മാറുക എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണം. മറ്റു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകടമുണ്ടാക്കുംവിധം നിയമവിരുദ്ധ പെരുമാറ്റങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാരോട് അഭ്യർഥിച്ചു.
യാത്രയ്ക്കു മുൻപ് ടയർ, ലൈറ്റ്, വാഹനം എന്നിവ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തുക, മോശം കാലാവസ്ഥയിൽ വാഹനമോടിക്കാതിരിക്കുക, കെട്ടിടങ്ങളുടെയും വീടുകളുടെയും പ്രവേശന കവാടങ്ങളിലും സീബ്രാ ക്രോസിലും നടപ്പാതകളിലും മോട്ടോർസൈക്കിൾ പാർക്ക് ചെയ്യാതിരിക്കുക, ഹെല്‍മറ്റ് ഉൾപ്പെടെ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ. വേഗപരിധി മറികടന്നാൽ 2000 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.