ദോഹ: ഖത്തർ-സൗദി ബന്ധത്തിന് ആഴം കൂട്ടി സൗദി കിരീടാവകാശിയും ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരന്റെ ദോഹ സന്ദർശനം. ഊഷ്മള സ്വീകരണമൊരുക്കി ഖത്തറും. വർഷങ്ങൾ നീണ്ട ഉപരോധം അവസാനിച്ച ശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശിയുടെ ദോഹ സന്ദർശനം. ഇന്നലെ രാത്രിയിൽ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സൗദി കിരീടാവകാശിയെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
അമീരി ദിവാനിൽ ഒരുക്കിയ രാജകീയ സ്വീകരണത്തിന് ശേഷം ആറാമത് ഖത്തരി-സൗദി സംയുക്ത സഹകരണ കൗൺസിലും ചേർന്നു. ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുണപരമായ മുന്നേറ്റം കൈവരിക്കാൻ കൗൺസിലിന് കഴിയുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. അതേസമയം സൗദി കിരീടാവകാശിയുടെ സന്ദർശനം ഖത്തറുമായുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം കൂട്ടുമെന്ന് അമീറും ചൂണ്ടിക്കാട്ടി.
രാഷ്ട്രീയം, സാമ്പത്തികം, നിക്ഷേപം, സുരക്ഷ തുടങ്ങി വിവിധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൗൺസിൽ വിലയിരുത്തി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും പങ്കുവെച്ചു. കൗൺസിലിന് ശേഷം സൗദി കിരീടാവകാശിയും അമീറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുരോഗതികളും പ്രധാന വിഷയങ്ങളും ചർച്ച ചെയ്തു. മേഖലയുടെ സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിൽ ഗൾഫിന്റെ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുന്നതും ചർച്ചയായി.