ദോഹ:സന്ദർശകരെ ആകർഷിച്ച് കത്താറയുടെ പരമ്പരാഗത പായ്ക്കപ്പൽ മേള. കുട്ടികൾ, വിദ്യാർഥികൾ, കുടുംബങ്ങൾ തുടങ്ങി മേള കാണാൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ തിരക്കേറി കഴിഞ്ഞു. കത്താറ ബീച്ചിൽ കഴിഞ്ഞ മാസം 30ന് ആരംഭിച്ച മേള ഈ മാസം 18 വരെയാണ്. ഖത്തർ ദേശീയ ദിനാഘോഷങ്ങളും പായ്ക്കപ്പൽ മേളയും സന്ദർശക തിരക്ക് വർധിപ്പിക്കും. പതിവിന് വിപരീതമായി ഇത്തവണ 15 ദിവസമാണ് മേള.
ഫിഫ അറബ് കപ്പ് കാണാനെത്തിയ കാണികളും കത്താറയുടെ പായ്ക്കപ്പൽ മേളയും ആസ്വദിക്കാൻ എത്തുന്നുണ്ട്. പരമ്പരാഗത പായ്ക്കപ്പൽ നിർമിക്കുന്ന വിധം, സമുദ്രയാന പൈതൃകം, മുത്തുവാരൽ തുടങ്ങി ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും അടുത്തറിയാൻ സന്ദർശകർക്ക് കഴിയും.
മേളയുടെ ഭാഗമായി പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിച്ചുള്ള തൽസമയ പെയിന്റിങ്, വിനോദ, സാംസ്കാരിക പരിപാടികൾ, പായ്ക്കപ്പൽ നിർമാണ ശിൽപശാല തുടങ്ങി ഒട്ടേറെ പരിപാടികളും മീൻപിടിത്ത മത്സരം, സംഗീത മത്സരമായ അൽ നഹ്മ ഉൾപ്പെടെയുള്ള മത്സരങ്ങളും സ്കൂൾ വിദ്യാർഥികളുടെ നൃത്തം, പരമ്പരാഗത കഥപറച്ചിൽ ഷോ എന്നിവയും നടക്കുന്നുണ്ട്.
രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും വൈകിട്ട് 3.00 മുതൽ രാത്രി 10.00 വരെയുമാണ് മേള. വെളളിയാഴ്ചകളിൽ ഉച്ചയ്ക്ക് 3.00 മുതലാണ് പ്രവേശനം. വാരാന്ത്യങ്ങളിൽ രാത്രി 11.00 വരെയും പ്രവേശനമുണ്ട്.