ദോഹ: ഫിഫ അറബ് കപ്പ് ടൂർണമെൻറിനോടനുബന്ധിച്ച് ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി രാജ്യത്തെ ട്രാവൽ ഏജൻസികൾ. അറബ് കപ്പിൽ പന്ത് തട്ടുന്ന തങ്ങളുടെ രാജ്യങ്ങളുടെ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് പുറമേ, മേഖലക്ക് പുറത്തുനിന്നും സന്ദർശകർ ഒഴുകിയതായി ട്രാവൽ േമഖലയിൽ നിന്നുള്ളവർ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് ഖത്തറിലേക്കുള്ള യാത്രാ ബുക്കിങ്ങിൽ 20 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി പ്രമുഖ ട്രാവൽ ഏജൻസിയായ മിലാനോ ട്രാവൽ ജനറൽ മാനേജർ അലി ഥാബിത് പ്രാദേശിക ദിനപത്രമായ പെനിൻസുലയോട് പറഞ്ഞു. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ അയൽരാജ്യങ്ങളിൽ നിന്നുള്ള ബുക്കിങ്ങുകളാണ് ഇവയിൽ അധികമെന്നും റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകരും അറബ് കപ്പിന് സാക്ഷിയവാൻ വേണ്ടി മാത്രം ഖത്തറിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറബ് മേഖലകളുടെ ചാമ്പ്യൻഷിപ് ആദ്യമായാണ് ഫിഫ സംഘടിപ്പിക്കുന്നത്. ആതിഥേയരായ ഖത്തറിനു പുറമെ മാറ്റുരക്കുന്ന 15 ടീമുകൾക്ക് പിന്തുണ നൽകാനായി അതിർത്തി കടന്ന് നിരവധി പേർ എത്തിയതായാണ് റിപ്പോർട്ടുകൾ. ടൂർണമെൻറിന് മുമ്പുള്ള മൂന്ന്-നാല് ദിവസങ്ങളിലായി അറബ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്കുള്ള ബുക്കിങ്ങുകളിൽ വലിയ വർധനവാണ് കാണാനിടയായത്. അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയങ്ങൾ സന്ദർശിക്കുന്നതിനായി ഖത്തറിലെത്തുന്നവരുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.