കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്. അഞ്ചു മക്കളുള്ള മാതാപിതാക്കള്‍ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.രാവിലെ തന്നെ നിർത്താതെയുള്ള കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയല്പക്കത്തെ സ്ത്രീ വിവരത്തെ കുറിച്ച് തിരക്കിയപ്പോൾ കുഞ്ഞിൻറെ അമ്മ നിഷ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞു അവരെ തിരിച്ചയച്ചു. സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൽക്കാരി സ്ത്രീ പ്രദേശത്തെ ആശാവര്‍ക്കറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശാ വര്‍ക്കര്‍ കാഞ്ഞിരപ്പള്ളി പോലിസിനെ അറിയിച്ച്, സ്ഥലത്ത് എത്തിയ പോലിസ് സംഘം നടത്തിയ പരിശോധനയിലാണ് കന്നാസില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
പെയിന്റിങ്ങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരുന്നു. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ കന്നാസിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞതാണെന്നു നിഷ പോലിസിന് മൊഴി നല്കി.
അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പോലിസ് നിരീക്ഷണത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തും. അന്വേഷണത്തിന് ശേഷം മാത്രമേ വിഷയത്തില്‍ കൃത്യമായ നിലപാട് പറയാനാകൂ എന്നും കാഞ്ഞിരപ്പള്ളി സ്റ്റേഷന് ഹൗസ് ഓഫിസര്‍ പറഞ്ഞു.