അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ചു. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു നൽകിയ സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ ലോക നേതാക്കൾക്ക് നൽകുന്നപുരസ്കാരമാണ് ഓർഡർ ഓഫ് സായിദ്.
ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതു സംബന്ധിച്ചും മേഖലാ, രാജ്യാന്തര വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ജിസിസി പര്യടനത്തിന്റെ ഭാഗമായി ഒമാനിൽ നിന്നാണ് മുഹമ്മദ് ബിൻ സൽമാൻ യുഎഇയിലെത്തിയത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് സൽമാൻ രാജാവിന്റെ ആശംസകളും അറിയിച്ചു.