അബുദാബി: പരിസ്ഥിതി സൗഹൃദ ട്രാക്കിൽ അതിവേഗം കുതിക്കുന്ന അബുദാബിയിൽ 100% ഇലക്ട്രിക് ബസ് പുറത്തിറക്കി. 2022 അവസാനത്തോടെ തലസ്ഥാന റോഡുകളിൽ ഇവ സർവീസ് നടത്തും. യുഎഇയുടെ നെറ്റ് സീറോ പദ്ധതിക്കു ആക്കം കൂട്ടുന്ന ഇലക്ട്രിക് ബസ് എമിറേറ്റിൽ വ്യാപകമാക്കാനാണ് പദ്ധതി.
പൊതുഗതാഗതത്തിനായി രൂപകൽപന ചെയ്ത 34 സീറ്റുള്ള ബസും വിനോദ സഞ്ചാരികൾക്കായി 30 സീറ്റുള്ള 2 ബസുകളാണ് പുറത്തിറക്കിയത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 95 കി.മീ സഞ്ചരിക്കും. എമിറേറ്റ്സ് ഗ്ലോബൽ മോട്ടർ ഇലക്ട്രിക്, ഹിറ്റാച്ചി എനർജി, യിൻലോങ് എനർജി എന്നീ കമ്പനികളുടെ സഹകരണത്തോടെയായിരുന്നു നിർമാണം.
ബസ് സ്റ്റോപ്പിൽ ആളെ കയറ്റാനും ഇറക്കാനുമായി നിർത്തുന്നതിനിടെ 10 സെക്കൻഡിനകം ബാറ്ററി ചാർജ് ചെയ്യാവുന്ന ലോകത്തെ ഏറ്റവും വേഗമേറിയ ഫ്ലാഷ് ചാർജിങ് സംവിധാനമാണ് ബസിന്റെ പ്രത്യേകത. 2 വർഷം നീണ്ട സുരക്ഷാ പരിശോധനകൾക്കും പരീക്ഷണയോട്ടത്തിനും ശേഷമാണ് ബസ് പുറത്തിറക്കുന്നത്.
സംയോജിത ഗതാഗത കേന്ദ്രം (ഐടിസി), ദുബായ് ആർടിഎ തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രാദേശിക ഗതാഗത വകുപ്പുമായും ജിസിസി, മധ്യപൂർവദേശ രാജ്യങ്ങളുമായി ചർച്ച നടത്തിവരികയാണെന്നും വരുംനാളുകളിൽ മേഖലയിൽ അവിഭാജ്യഘടകമായി ഇലക്ട്രിക് ബസ് മാറുമെന്നും ഹിറ്റാച്ചി എനർജി മാനേജിങ് ഡയറക്ടർ ഡോ. മുസ്തഫ അൽ ഗുസെരി പറഞ്ഞു. അന്തിമ തീരുമാനമായാൽ നഗരത്തിലെ ബസ് റൂട്ടിന്റെ വിശദാംശങ്ങൾ ഗതാഗത വകുപ്പ് പുറത്തുവിടുമെന്നും പറഞ്ഞു. ഇതര ബസുകളിൽനിന്നും വ്യത്യസ്തമായി ഇലക്ട്രിക് ബസ് സ്റ്റോപ്പിലും ഡിപ്പോയിലും ചാർജിങ് സംവിധാനമുണ്ടാകും. പരമാവധി 25 വർഷം വരെ ഉപയോഗിക്കാവുന്ന ബാറ്ററിയിൽ നിമിഷങ്ങൾക്കകം 70 ശതമാനത്തിലേറെ ചാർജ് ചെയ്യാം എന്നതിനാൽ യാത്ര തടസ്സപ്പെടില്ല. ഇതിനുള്ള പരിശീലനം ബസ് ഓപറേറ്റർമാർക്കു നൽകും. 320 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 20 മിനിറ്റു മതി.
ഇലക്ട്രിക് ബസ് നിരത്തിലിറങ്ങുന്നതോടെ അന്തരീക്ഷ മലിനീകരണം കുറയും. ആഗോള താപനംകൊണ്ട് പൊറുതിമുട്ടുന്ന ലോക രാജ്യങ്ങൾക്ക് വൈകാതെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ ആശ്രയിക്കുമെന്നതാണ് കമ്പനിയുടെ വിലയിരുത്തൽ.