ദോഹ: ഖത്തറിന് മേൽ നിന്നിരുന്ന നാല് വർഷത്തെ ഉപരോധം (blockade of Qatar) അവസാനിച്ചതിന് പിന്നാലെ സൗദി – ഖത്തർ (Saudi – Qatar relations) സൗഹൃദത്തിന് തിളക്കമേറുന്നു. ഉപരോധത്തിന് ശേഷം ആദ്യമായി സൗദി കിരീടാവകാശിയും (saudi crown prince) ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ഖത്തറിലെത്തി. ഖത്തർ അമീർ (Qatar Emir) ശൈഖ് തമീം ബിൻ ഹദമ് അൽ ഥാനി നേരിട്ടെത്തി സൽമാൻ രാജകുമാരനെ സ്വീകരിച്ചു.
ഈ മാസം നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. യുഎഇയും ഒമാനും സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്. 2017ൽ സൗദി കിരീടാവകാശിയായി ചുമതയലേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഖത്തർ യാത്ര കൂടിയാണിത്. ദോഹയിൽ ഖത്തർ അമീറും സൗദി കിരീടാവകാശിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.