കുവൈത്ത് സിറ്റി: കുവൈത്ത് രണ്ട് യൂറോഫൈറ്റർ യുദ്ധവിമാനം ഏറ്റുവാങ്ങി. ഇറ്റലിയിലെ ലിയനാർഡോ കമ്പനി നിർമിക്കുന്ന 28 യൂറോഫൈറ്റർ വിമാനങ്ങൾ കുവൈത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് 2015ലാണ് ധാരണപത്രം ഒപ്പുവെച്ചത്. 800 കോടി യൂറോയുടെ ആയുധ ഇടപാട് ആണിത്. ആദ്യ ബാച്ച് 2020 ഡിസംബറിനകം നൽകണമെന്നതായിരുന്നു വ്യവസ്ഥയെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് 28 യുദ്ധ വിമാനങ്ങൾ ഇറ്റലിയിൽനിന്ന് എത്തിക്കുക.
ഇതോടെ രാജ്യത്തിെൻറ വ്യോമശക്തി കൂടുതൽ കരുത്താർജിക്കും. കുവൈത്തി സൈനികർക്ക് യൂറോഫൈറ്റർ വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം അഹ്ദ് അൽ ജാബിർ വ്യോമ അക്കാദമിയിൽ നേരത്തെ നൽകിയിരുന്നു. ഇറ്റാലിയൻ വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത്.
വടക്കൻ ഇറ്റലിയിലെ ടൂറിൻ പ്രവിശ്യയിലെ കാസെല്ല എയർബേയ്സിൽ നടന്ന കൈമാറ്റ ചടങ്ങിൽ ഇറ്റലിയിലെ കുവൈത്ത് അംബാസഡർ ശൈഖ് അസ്സാം അസ്സബാഹ്, വ്യോമസേന ഡെപ്യൂട്ടി കമാൻഡർ ബൻദർ അൽ മിസ്യീൻ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, ലിയനാർഡോ എയർക്രാഫ്റ്റ് ഡിവിഷൻ എം.ഡി മാക്രോ സോഫ്, യൂറോഫൈറ്റർ സി.ഇ.ഒ ഹെർമൻ ക്ലീസൻ തുടങ്ങിയവർ സംബന്ധിച്ചു. ഡിസംബർ 14ന് യുദ്ധവിമാനങ്ങൾ കുവൈത്തിലെത്തിക്കും.