ഐ.എസ്.എലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഹൈദരാബാദ്. ഒഗ്ബെചെ ആദ്യ പകുതിയിൽ നേടിയ ഗോള്‍ ആണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.
ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ഹൈദരാബാദ് മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ആകാശ് മിശ്ര നീട്ടി നല്കിയ പാസ് സ്വീകരിച്ച ഒഗ്ബെച്ചെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ ഷോട്ട് ബെംഗളൂരു പ്രതിരോധതാരം പ്രതിക് ചൗധരിയുടെ കാലിലുരസി വലയില്‍ കയറുകയായിരുന്നു.
സുനില്‍ ഛേത്രിയടക്കമുള്ള മികച്ച മുന്നേറ്റനിരയുണ്ടായിട്ടും ബെംഗളൂരു നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഹൈദരാബാദിന്റെ സൗവിക് ചൗധരിയാണ് ഹീറോ ഓഫ് ദ മാച്ച്.
മൂന്നാം തോല്‍വിയോടെ ലീഗില്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ് ബെംഗളൂര് ടീം. വിജയത്തോടെ ഹൈദരാബാദ് ഏഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തെത്തി.