രോഹിത് ശർമ്മയെ ഇന്ത്യന് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചു. ടി-20യിൽ നേരത്തെ രോഹിതിനെ ക്യാപ്റ്റനാക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ഇന്ത്യൻ ഏകദിന ടീമിനെയും രോഹിത് നയിക്കും.
വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശർമ്മയെ ഏകദിനത്തിലും ടി20യിലും ക്യാപ്റ്റനായി നിയമിക്കുമെന്ന് ബിസിസിഐ ബുധനാഴ്ച അറിയിച്ചു. അതേസമയം, അജിങ്ക്യ രഹാനെയെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
ഇന്ത്യ മൂന്ന് ടെസ്റ്റുകൾ കളിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു. ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ തോൽവിക്ക് ശേഷം വിരാട് കോഹ്ലി ഇതിനകം തന്നെ ടി20 ഐ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. ഡിസംബർ 26 മുതൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സൈക്കിളിന്റെ ഭാഗമാകും.
ആദ്യ ടെസ്റ്റ് ഡിസംബർ 26 മുതൽ 30 വരെ സെഞ്ചൂറിയനിൽ നടക്കും. രണ്ടാം ടെസ്റ്റ് 2022 ജനുവരി 3-7 വരെ ജോഹന്നാസ്ബർഗിൽ നടക്കും; മൂന്നാം ടെസ്റ്റ് 2022 ജനുവരി 11 മുതൽ 15 വരെ കേപ്ടൗണിൽ നടക്കും.
ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി. രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി.
ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും.
പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ പരിഗണിച്ചില്ല. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്വസ്വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.
India’s Test squad: Virat Kohli (Captain), Rohit Sharma (vice-captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj.